പടിയൂര്‍: റോഡരുകില്‍ നിന്നും മുറിച്ചുകടത്തിയ മരം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം മുറിച്ചെടുത്ത സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മരം മുറിച്ചത് അനുമതിയില്ലാതെയാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പിറ്റേദിവസം മരം തിരികെ കൊണ്ടിട്ടനിലയില്‍ കണ്ടത്. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി ചെട്ടിയാല്‍ തേക്കുമൂല റോഡിലാണ് സംഭവം. സാമാന്യം വണ്ണത്തിലുള്ള ഐനിമരമായിരുന്നു റോഡരുകില്‍ നിന്നിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് മരം മുറിച്ച് മാറ്റിയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മുറിച്ചുകൊണ്ടുപോയ തടി കഷ്ണങ്ങള്‍ മുറിച്ച സ്ഥലത്തുതന്നെ കണ്ടെത്തുകയായിരുന്നു. റോഡരുകില്‍ നിന്നിരുന്ന മരം മുറിച്ച വ്യക്തികള്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിലും ഫോറസ്റ്റ് അധികൃതര്‍ക്കും പോലീസിലും നാട്ടുകാര്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് തുടര്‍ന്ന് പോലീസും പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. മരം മുറിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജുവും പറഞ്ഞു. മരം മുറിച്ചതിനെതിരെ വനംവകുപ്പിന് പരാതി നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here