അരിപ്പാലം-റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡില്‍ നിന്നും എടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പി.ഡബ്ല്യൂ.ഡി. അരിപ്പാലം പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപം ശേഖരിച്ചിരുന്ന മണ്ണ് അനധികൃതമായി കൊണ്ടുപോകാനുള്ള നീക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഷിബി കുന്നുമ്മക്കര, നേതാക്കളായ സുനില്‍ പതിയാംകുളങ്ങര, മനോജ് നടുവത്തുപറമ്പില്‍, പ്രകാശന്‍ കോമ്പരുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഇതിനുമുമ്പും സ്ഥലത്തുനിന്നും മണ്ണ് കൊണ്ടുപോയിട്ടുള്ളതായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ആരോപിച്ചു. രണ്ടുവര്‍ഷം മുമ്പ് ചേലൂര്‍- അരിപ്പാലം റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ്ങ് നടത്തുന്നതിനായി റോഡരുകില്‍ നിന്നും എടുത്ത മണ്ണാണ് രണ്ടിടത്തായി സംഭരിച്ചിരുന്നത്. ഒരുമാസത്തിനുള്ളില്‍ മണ്ണ് നീക്കം ചെയ്യാമെന്ന ധാരണയിലാണ് സ്ഥലം അനുവദിച്ചത്. രണ്ടുവര്‍ഷമായി മണ്ണ് എടുത്തുമാറ്റാത്തതിനാല്‍ ഉടമയ്ക്കും ഈ സ്ഥലം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഒലുപ്പൂക്കഴ പാലത്തിന് സമീപം ശേഖരിച്ചിരുന്ന മണ്ണ് ലേലം ചെയ്ത് നീക്കിയിരുന്നെങ്കിലും ഈ സ്ഥലത്തുനിന്നും മണ്ണ് ഇതുവരേയും നീക്കാന്‍ നടപടിയുണ്ടായിട്ടില്ല. പി.ഡബ്ല്യൂ.ഡി. അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ എത്രയും വേഗം മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നതായും സുനില്‍കുമാര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here