മൂര്‍ക്കനാട്: പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മൂര്‍ക്കനാടുള്ള സബ് സെന്റര്‍ അടച്ചു പൂട്ടി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്നാണ് അടച്ചു പൂട്ടിയത്. മുപ്പതുവര്‍ഷത്തോളം പഴക്കമുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലായിരുന്നു സബ് സെന്ററിന്റെ പ്രവര്‍ത്തനം. നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 40,41 എന്നീ ഏഴു വാര്‍ഡുകളിലുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്. കാലപഴക്കമേറിയതോടെ ശോചനീയാവസ്ഥയിലായ കെട്ടിടത്തില്‍നിന്നും കോണ്‍ക്രീറ്റ് മേല്‍പാളികള്‍ ഇടക്കിടെ അടര്‍ന്നു വീണിരുന്നു. ഇത് ഇവിടെ എത്തുന്നവര്‍ക്ക് ഏറെ ഭയമാണ് ഉണ്ടാക്കിയിരുന്നത്. മാസത്തിലൊരിക്കല്‍ ഡോക്ടറുടെ സേവനവും ദിവസവും ഒരു നേഴ്സിന്റെ സേവനവും ഇവിടെ ലഭ്യമായിരുന്നു. ഗര്‍ഭണികള്‍ക്കും പത്തു വയസിനു താഴെയുള്ള കുട്ടികള്‍ക്കുള്ള കുത്തിവെയ്പ്പുകളും പൊതുജനങ്ങള്‍ക്കുള്ള ആരോഗ്യ ക്ലാസുകളും നടന്നിരുന്നത് ഇവിടെയാണ്. ശോചനീയാവസ്ഥയിലായതിനെ തുടര്‍ന്ന് നഗരസഭാ എന്‍ജിനീയര്‍ വന്ന് കെട്ടിടം പരിശോധിച്ചു. കെട്ടിടം ദുര്‍ബലമാണെന്ന നഗരസഭാ എന്‍ജീനിയറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം ഈ കെട്ടിടത്തില്‍ നിന്നും സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിയത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.കെ. അബ്ദുള്ളകുട്ടി, എ.ആര്‍. സഹദേവന്‍ എന്നിവര്‍ പ്രാഥമികാരോഗ്യ കേന്ദ്രം പുനര്‍ നിര്‍മിക്കണമെന്നു ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here