പത്രസമ്മേളനം
ഭവന്‍സ് ഫെസ്റ്റിന് ശനിയാഴ്ച തിരിതെളിയും

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവന്റെ സംസ്ഥാനതല കലോത്സവത്തിന് വിദ്യാമന്ദിറില്‍ ശനിയാഴ്ച തിരിതെളിയും. ഒരു ദിവസത്തെ കലോത്സവത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഇരുപത്തഞ്ചോളം ഭവന്‍സ് വിദ്യാലയങ്ങളില്‍ നിന്നായി ഏതാണ്ട് മൂന്നൂറില്‍പരം പ്രൈമറി തല വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ വിവിധ വേദികളിലായി തങ്ങളുടെ കഴിവുകളില്‍ മാറ്റുരക്കും. ശനിയാഴ്ച രാവിലെ എട്ടരക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത കൂടിയാട്ടം ആചാര്യനും അമ്മന്നൂര്‍ ഗുരുകുലം സ്ഥാപകനും ഇരിങ്ങാലക്കുട നടനകൈരളി ചെയര്‍മാനുമായ വേണുജി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ.രാമന്‍കുട്ടി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഇരിങ്ങാലക്കുട ഭവന്‍സ് കേന്ദ്ര ചെയര്‍മാന്‍ ഡോ.പോള്‍ ശങ്കുരിക്കല്‍, വൈസ്.ചെയര്‍മാന്‍മാരായ സി.സുരേന്ദ്രന്‍, സി.നന്ദകുമാര്‍, സെക്രട്ടറി എ.എസ്.മാധവമേനോന്‍, പ്രിന്‍സിപ്പല്‍ എ.സി.പ്രസന്ന, വൈസ്.പ്രിന്‍സിപ്പല്‍ പ്രസന്നകുമാരി, എന്നിവര്‍ ഉദ്ഘാചടന സമ്മേളനത്തില്‍ പങ്കെടുക്കും. ഏഴോളം വേദികളിലായി മത്സരം നടക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി അധ്യാപക- രക്ഷാകര്‍ത്തൃ സമിതിയുമായി കൈകോര്‍ത്ത് സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരും എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.