ഇരിങ്ങാലക്കുട-പ്രളയബാധിതപ്രദേശങ്ങളിലെ വീട്ടുകാര്‍ ഉപേക്ഷിച്ച വസ്ത്രമാലിന്യങ്ങള്‍ ഇരിങ്ങാലക്കുട നഗരസഭ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചു. തുണികള്‍ക്കൊണ്ടുള്ള ചവിട്ടികളും മറ്റും ഉണ്ടാക്കുന്നതിനായി തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി രാമസ്വാമിയാണ് നാല് ടണ്ണിലേറെ വസ്ത്രമാലിന്യങ്ങള്‍ ശനിയാഴ്ച രാത്രി കൊണ്ടുപോയത്. ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നിര്‍ദേശപ്രകാരമാണ് മാലിന്യങ്ങള്‍ കൊണ്ടുപോയത്

പ്രളയബാധിതപ്രദേശങ്ങളില്‍നിന്ന് എട്ട് ടണ്‍ വസ്ത്രമാലിന്യമാണ് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തരംതിരിച്ച് സംഭരിച്ചിരിക്കുന്നത്. ബാക്കി നാലു ടണ്‍ വസ്ത്രമാലിന്യങ്ങള്‍ ചൊവ്വാഴ്ച കൊണ്ടുപോകുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. വെള്ളം കയറിയതിനെതുടര്‍ന്ന് ഉപേക്ഷിച്ച വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമടങ്ങിയ 60 ടണ്‍ മാലിന്യങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗം നീക്കം ചെയ്തത്. 99 ശതമാനം പ്രളയമാലിന്യങ്ങളും ദ്രുതഗതിയില്‍ നീക്കം ചെയ്ത ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് ഇരിങ്ങാലക്കുട.

ട്രഞ്ചിങ് ഗ്രൗണ്ടില്‍ സ്വരൂപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരളക്കും ശുചിത്വമിഷനും കൈമാറും. നഗരസഭ പ്രദേശത്ത് 33 വാര്‍ഡുകളില്‍ പ്രളയക്കെടുതി ബാധിച്ചു.2852 വീടുകളില്‍ വെള്ളം കയറി. 60 വീടുകള്‍ പൂര്‍ണമായും 93 വീടുകള്‍ ഭാഗികമായും വാസയോഗ്യമല്ലാതായി. പ്രളയത്തെതുടര്‍ന്ന് ഓഗസ്റ്റ് 28 മുതല്‍ 15 ദിവസത്തിനകം പ്രളയബാധിതപ്രദേശങ്ങളിലെ മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്തു. നീക്കം ചെയ്ത മാലിന്യങ്ങള്‍ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടില്‍ സൗകര്യം ഏര്‍പ്പെടുത്തി തരംതിരിച്ച് ശേഖരിച്ചു.കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് കിണറുകളിലെ ക്ലോറിനേഷന്‍ നടത്തുന്നത്. ക്ലോറിനേഷന്‍ ചെയ്ത കിണറുകളുടെ അവസ്ഥ ചെക്കിങ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചുവരുന്നു. 33 വാര്‍ഡുകളില്‍ പരിശോധിക്കുകയും മറ്റുവാര്‍ഡുകളില്‍ പരിശോധന തുടരുകയുമാണ്. ഇതിനുപുറമേ പ്രളയബാധിതപ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ച് ശേഖരിച്ച് പരിശോധന നടത്തിവരുന്നുണ്ട്. പ്രളയബാധിത വാര്‍ഡുകളില്‍ നഗരസഭ ടാങ്കര്‍ ഉപയോഗിച്ച് വെള്ളം എത്തിക്കുന്നുണ്ട്. ഇതിനുപുറമേ പ്രളയബാധിത വാര്‍ഡുകള്‍ നഗരസഭ ടാങ്കര്‍ ഉപയോഗിച്ച് വെള്ളം എത്തിക്കുന്നുണ്ട്. ഇതിനുപുറമേ പ്രളയബാധിത വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഫോഗിങ്ങും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുമുണ്ട്. 24 മെഡിക്കല്‍ ക്യാമ്പുകളാണ് നഗരസഭ വിവിധ വാര്‍ഡുകളിലായി ചെയ്യുന്നത്. ഇതില്‍ 14 എണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍ പറഞ്ഞു….

 

LEAVE A REPLY

Please enter your comment!
Please enter your name here