പുല്ലൂര്‍: പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കി. ഒരുകോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമായ ഫണ്ട് സര്‍ക്കാറില്‍ നിന്നും ലഭ്യമായാല്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉരിയച്ചിറ അപകടവളവ് ഒഴിവാക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ വകുപ്പുമന്ത്രിയെ സമീപിക്കുമെന്ന് പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. പറഞ്ഞു. അതല്ലെങ്കില്‍ ഘട്ടംഘട്ടമായി എം.എല്‍.എ. ഫണ്ട് ഉപയോഗപ്പെടുത്തുന്നകാര്യം പരിഗണിക്കും. ഉരിയച്ചിറയിലെ അപകടവളവ് ഭീഷണിയാണെന്നും അത് ഒഴിവാക്കി ജനങ്ങള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. പുല്ലൂര്‍ അപകടവളവിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി റോഡ് വീതി കൂട്ടിയപ്പോള്‍ ഉരിയച്ചിറ അപകടവളവ് ഒഴിവാക്കാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ വളവ് ഒഴിവാക്കാതെ ഈ ഭാഗത്ത് അപകടങ്ങള്‍ കുറയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2012ലാണ് പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ അപകട വളവ് ഒഴിവാക്കിക്കൊണ്ടുള്ള റോഡിനായി പി.ഡബ്ല്യു.ഡി. സ്ഥലം അടയാളപ്പെടുത്തിയത്. എന്നാല്‍ ഉരിയച്ചിറയിലെ അപകടവളവിനെ കുറിച്ച് അന്നാരും പറഞ്ഞിരുന്നില്ല. പുല്ലൂര്‍ ആശുപത്രിക്ക് സമീപമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഉരിയച്ചിറ വരെയുള്ള ഭാഗത്തെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി രണ്ടുകോടിയോളം രൂപ ചിലവഴിച്ച് റോഡ് പുനര്‍നിര്‍മ്മിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. അതെല്ലായിരുന്നെങ്കില്‍ ഉരിയച്ചിറ അപകടവളവിനെകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താമായിരുന്നു. നിലവില്‍ കയ്യേറ്റങ്ങള്‍ ഒഴിവാക്കി ഉരിയച്ചിറയുടെ വളവ് നേരെയാക്കാന്‍ പുതിയ പ്രെപ്പോസല്‍ സര്‍ക്കാറിന് സമര്‍പ്പിക്കണം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഉരിയച്ചിറ ഭാഗത്തെ കയ്യേറ്റങ്ങളെ കുറിച്ചും സര്‍വ്വെ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉരിയച്ചിറ ഇരിങ്ങാലക്കുട നഗരസഭ പ്രദേശമായതിനാല്‍ വളവ് നേരെയാക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് നഗരസഭയുടെ അനുമതിയും പിന്തുണയും ആവശ്യമാണ്. ഇതിന്റെ ഭാഗമായി നഗരസഭയുമായി ചേര്‍ന്ന് നേരത്തെ സ്ഥലം പരിശോധിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നീട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here