വാടാത്ത പൂമരം !

972

കാളിദാസ് ജയറാം നായകനായ ആദ്യ മലയാളചിത്രം എന്നതിലുപരി എബ്രിഡ് ഷൈന്റെ മൂന്നാം ചിത്രമെന്നതും,2016 നവംബര്‍ തൊട്ട് 2018 മാര്‍ച്ച് വരെയുള്ള 16 മാസ കാലയളവ് കൊണ്ട് എന്തൊക്കെയാണ് പൂമരത്തില്‍ എബ്രിഡ് ഷൈന്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് അറിയാനുള്ള ജിഞ്ജാസ കൊണ്ടും ആദ്യ ഷോ തന്നെ കാണണമെന്ന് നിര്‍ബന്ധമായിരുന്നു.

സംഗീതം : എടുത്ത് പറയേണ്ടത് സംഗീത വിഭാഗം തന്നെയാണ്,അല്ലെങ്കില്‍ മാത്രമാണ് ! വരികള്‍ ചിട്ടപ്പെടുത്തിയവരുടെയും സംഗീതം നിര്‍വ്വഹിച്ചവരുടെയും (ഫൈസല്‍ റാസി,ഗോപി സുന്ദര്‍,ഗിരീഷ് കുട്ടന്‍ ഉള്‍പ്പടെയുള്ളവര്‍) പേരുകള്‍ ടൈറ്റില്‍ കാര്‍ഡില്‍ അനവധിയുണ്ടായിരുന്നു.തുടങ്ങുന്നതും അവസാനിക്കുന്നതും എല്ലാം ഒരു സംഗീതമയത്തില്‍ പക്ഷേ എല്ലാം സിറ്റുവേഷണല്‍ ആയിരുന്നു.ഒരു വേള പോലും ഞാനെന്ന പ്രേക്ഷകന് മടുപ്പുളവാക്കിയില്ല.

ചെറുതും വലുതുമായ പത്തിലധികം ഗാനങ്ങള്‍ ഉണ്ടായിരുന്നിട്ടും പേഴ്‌സണല്‍ ഫേവറേറ്റ് തുടക്കത്തിലെ ‘ഇനിരൊരു കാലത്തേക്കൊരുപൂ വളര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഒരു മരം നട്ടു’ എന്ന ഗാനമായിരുന്നു

കാളിദാസ് ജയറാം വളരെ പല സീനുകളിലും അതീവ സുന്ദരനായി കാണപ്പെട്ടു ! പ്രത്യേകിച്ച് ആദ്യ ഭാഗത്ത് തെളിഞ്ഞ ദീപശിഖ കയ്യിലേന്തി,നേര്‍ത്ത വിയര്‍പ്പ് തുള്ളികളോട് കൂടി ഗാനം ആലപിക്കുന്ന വേളയില്‍ ചെറുതും വലുതുമായ മറ്റ് അനേകം പുതുമുഖങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞുനിന്നു.അതില്‍ ബഹുഭൂരിപക്ഷവും ഒരു തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ അഭിനയിച്ചു ആക്ഷന്‍ ഹീറോ ബിജുവിലെ ചേച്ചിമാരില്‍ ഒരാളെയും സുരേഷേട്ടനെയും കാണിച്ചപ്പൊ തിയേറ്ററില്‍ ആരവമുണ്ടാക്കി ജോജു ജോര്‍ജ്ജ് ഇതിലും ഒരു പോലീസുദ്യോഗസ്ഥനായി വേഷമിട്ടു.പേര്,ദയ !
പറയാതെ വയ്യ,സെന്റ്. തെരേസാസ് കോളേജിലെ പെണ്‍കുട്ടികളായി വന്നവരെല്ലാം ഒന്നിനൊന്നിനു മെച്ചം

കലോല്‍സവത്തിന് അതിഥികളായി വന്നത് മീര ജാസ്മിനും കുഞ്ചാക്കോ ബോബനുമായിരുന്നു ഒരു ചെറിയ ചിരിയുമായി പെണ്‍കുട്ടികളുടെ നടുക്ക് കൃഷ്ണന്‍ നില്‍ക്കുന്നതുപോലെ നിന്ന ചാക്കോച്ചന്‍ പതിവിലും സുന്ദരനായി കാണപ്പെട്ടു എന്ന് പ്രത്യേകം എടുത്ത് പറയണ്ട കാര്യമില്ലല്ലോ

ടൈറ്റില്‍ കാര്‍ഡ് ഒരു ശോകമൂകം സമ്മാനിച്ചെങ്കിലും നാല് പാട്ടുകളും ഒരു കവിതയും നിറഞ്ഞ ആദ്യ പകുതി നന്നായിരുന്നു ! മെല്ലെത്തുടങ്ങിയ പൂമരം അതിന്റെ തുടക്കത്തില്‍ തന്നെ ചിത്രം ഏത് തരത്തിലുള്ളതാണെന്ന് പ്രേക്ഷകന് മനസിലാക്കി തരുന്നുണ്ട്.കലോലസവ പരിപാടികളുടെ റിഹേഴ്‌സല്‍ അതേപടി തന്നെ കാണിച്ചത് നല്ലൊരു തീരുമാനമായിരുന്നു ആദ്യപകുതി പോലെ തന്നെ നീങ്ങിയ രണ്ടാം പകുതി.അതേ വേഗത്തില്‍ ആക്ഷന്‍ ഹീറോ ബിജുവിലേത് പോലെ തന്നെ രസകരമായ പോലീസ് സ്റ്റേഷന്‍ സീനുകളും പൂമരത്തിന്റെ രണ്ടാം പകുതിയിലുണ്ടായിരുന്നു.

ടോട്ടല്‍ ഔട്ട് പുട്ട് പറയുന്നതിനു മുന്നേ തന്നെ പറഞ്ഞുകൊള്ളട്ടെ,എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആകര്‍ഷകമായി തോന്നുന്നൊരു വിഭവമല്ല ‘പൂമരം’ ! ആദ്യാവസാനം ഒരു ഫെസ്റ്റീവ് മൂഡില്‍ സഞ്ചരിക്കുന്ന ഒരു എബ്രിഡ് ഷൈന്‍ മാസ്റ്റര്‍പ്പീസ് തന്നെയാണ് പൂമരം ! ഈ ഫെസ്റ്റീവ് മൂഡ് എന്ന് പറയുന്നത് കുറേ കളറും വാരിയെറിഞ്ഞ് നാലഞ്ച് ഡപ്പാംകൂത്ത് പാട്ടും കുത്തിക്കേറ്റുന്ന ഐറ്റമല്ല.മറിച്ച്,ഒരു കലാലയത്തിലെ അതും മഹാരാജാസ് പോലെ പാരമ്പര്യത്തിന്റെ പരമോന്നതയില്‍ നില്‍ക്കുന്ന ഒരു കലാലയത്തിലെ കലോല്‍സവത്തിന്റെ ‘ഫെസ്റ്റീവ് മൂഡ്’ !

നമ്മള്‍ പഠിക്കുന്ന കോളേജില്‍ യൂണിവേഴ്‌സിറ്റി കലോല്‍സവം നടക്കുന്നു എന്ന് കരുതുക,ആ സാഹചര്യത്തില്‍ ആദ്യാവസാനം നമ്മള്‍ കലോല്‍സവ വേദിയിലും അതിന്റെ പരിസരപ്രദേശങ്ങളിലും തന്നെയാണുണ്ടാവുക ! അത് വള്ളം കളിക്കാവാം,വായിനോട്ടമാവാം,അടിയുടെ ഇടയ്ക്കാവാം,മല്‍സരം നടക്കുന്ന വേദിയുടെ മുന്നിലാവാം എവിടെയുമാവാം

നമ്മുടെ കലാലയവും മല്‍സരിക്കുന്നതുകൊണ്ട് കപ്പടിക്കണമെന്ന വീറും വാശിയും അതിന്റെ പ്രതീക്ഷകളും ഒക്കെയായി നമ്മളും ഉറക്കമുളച്ച് രാപകലെന്നില്ലാതെ അതിന്റെ പിന്നാതെ തന്നെയുണ്ടാവും

ഇതേ വീറും വാശിയും പ്രതീക്ഷകളും സന്തോഷങ്ങളും സങ്കടങ്ങളും ആഹ്ലാദങ്ങളുമൊക്കെ തന്നെയാണ് ആകെത്തുകയില്‍ പൂമരം.അത് അതേപടി തന്നെ പ്രേക്ഷകനു പകര്‍ന്ന് നല്‍കി,കഥയിലുടനീളം അവരെ സ്വാധീനിക്കാനും എബ്രിഡ് ഷൈനിനു കഴിഞ്ഞിട്ടുണ്ട്

 

Advertisement