ഇരിങ്ങാലക്കുട: പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും തുടര്‍ന്നതോടെ പാഴാകുന്നത് ആയിരക്കണക്കിനു ജനങ്ങളുടെ കുടിവെള്ളം. ഇരിങ്ങാലക്കുട, കാട്ടൂര്‍ മേഖലകളില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു സ്ഥിരം കാഴ്ചയാണ്. പൈപ്പു പൊട്ടിയാല്‍ അതു കണ്ടെത്തി നന്നാക്കുകയെന്നതാണു ജല അതോറിറ്റിയുടെ പ്രധാന വെല്ലുവിളി. റോഡിലൂടെ വെള്ളം ഒഴുകുന്നതു കാണാമെങ്കിലും പൈപ്പു പൊട്ടല്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഏറെ പ്രയാസം. അത് കണ്ടെത്തി ശരിയാകിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അതേ സ്ഥലത്തോ കുറച്ചു മാറിയോ പൊട്ടുന്നത് പതിവാണ്. കാട്ടൂരില്‍ ഗവ. സ്‌കൂളിനും പോംപെ സെന്റ് മേരീസ് സ്‌കൂളിനും ഇടയിലുള്ള റോഡില്‍ പൈപ്പ് പൊട്ടല്‍ സ്ഥിരമാണ്. ഇന്നലെയും ഈ മേഖലയില്‍ കുടിവെള്ള വിതരണം നടന്നില്ല. കാറളം ജലശുദ്ധീകരണ ശാലയില്‍ നിന്നും കാട്ടൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തേക്കുമുള്ള കുടിവെള്ളമാണ് ഈ പൈപ്പു ലൈന്‍ വഴി കടന്നു പോകുന്നത്. പൊട്ടിയ ഭാഗത്ത് നടന്ന അറ്റകുറ്റപണികളുടെ ഭാഗമായാണ് ഇന്നലെ ശുദ്ധജല വിതരണം തടസപ്പെട്ടത്. കുറച്ചു നാളുകള്‍ക്കു മുമ്പ് പൈപ്പ് പൊട്ടിയതോടെ റോഡില്‍ വലിയ കുഴിയുണ്ടായി. പൈപ്പു പൊട്ടി ഒഴുകുന്ന വെള്ളം റോഡിലെ കുഴിയില്‍ നിറയുന്നതോടെ ഈ വെള്ളം പിന്നീട് സമീപത്തെ തോട്ടിലേക്ക് ഒഴുകും. ഇതോടെ ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു ലഭിക്കേണ്ട കുടിവെള്ളമാണ് പാഴാകുകയും ജലവിതരണം നിര്‍ത്തി വെയ്ക്കുകയും ചെയ്യും. അറ്റകുറ്റപണികള്‍ നടത്തിയ ശേഷമേ ജലവിതരണം നടത്തുകയുള്ളൂവെങ്കിലും അറ്റകുറ്റപണികള്‍ക്കായി ദിവസങ്ങളെടുക്കുന്നതാണ് ഈ പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വെള്ളം പിടിച്ചുവയ്ക്കാന്‍ സംവിധാനമില്ലാത്തവരാണ് ചുറ്റിപ്പോകുന്നത്. കാലപ്പഴക്കമാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിനു മേല്‍ ടാറിംഗ് വന്നതോടെ ഇതു വെട്ടിപ്പൊളിക്കാതെ പൈപ്പ് നന്നാക്കാന്‍ കഴിയാതായി. റോഡ് പൊളിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന കുഴി താത്കാലികമായി മുടിയെങ്കിലും ടാറിംഗ് നടന്നിട്ടില്ല. എത് സമയത്താണ് റോഡിലെ ഈ കുഴി മരണകെണികളാകുന്നതെന്ന് പറയുക അസാധ്യം. വഴിയാത്രക്കാര്‍ക്കും ബൈക്കടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്രക്കാര്‍ ഇത്തരം ചതിക്കുഴിയില്‍ വീഴുന്നത് പതിവായിട്ടുണ്ട്. പുതിയ പൈപ്പുലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷന്‍ ഓഫീസിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും എന്ന് പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരിങ്ങാലക്കുടയിലും എടത്തിരിഞ്ഞിയിലും കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here