ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണു നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണു ഇരിങ്ങാലക്കുടക്കാര്‍ക്കു പിണ്ടിപ്പെരുന്നാള്‍. നയനമനോഹരമായ ദീപാലങ്കാരങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും മുങ്ങി. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനംമുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചു കഴിഞ്ഞു. വഴിവാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കികഴിഞ്ഞു. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നുചേരാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണു പിണ്ടിപ്പെരുന്നാള്‍. പലഹാരപ്പണികള്‍ പൂര്‍ത്തിയാക്കി വീട്ടമ്മമാര്‍ ബന്ധുമിത്രാദികളെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു. ഒട്ടേറെ പുതുമകളോടെയാണു കത്തീഡ്രല്‍ ദേവാലയത്തിലെ ഇത്തവണത്തെ ദീപാലങ്കാരം.ശനിയാഴ്ച്ച വൈകീട്ട് 4.30 ന് നടക്കുന്ന ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെക്കലും പള്ളിചുറ്റി പ്രദക്ഷിണവും നേര്‍ച്ചവെഞ്ചിരിപ്പും നടക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വലിയങ്ങാടി, കുരിശങ്ങാടി, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12 ന് പള്ളിയിലെത്തും. കോമ്പാറ വിഭാഗത്തിന്റെ അമ്പെഴുന്നള്ളിപ്പ് രാത്രി എട്ടിന് ആരംഭിച്ച് 9.30 ന് പള്ളിയില്‍ സമാപിക്കും.ഞായറാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ച്ചിറ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രദക്ഷിണം ഏഴിനു പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നടക്കും. കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ഏറ്റവും ഉയരം കൂടിയ പിണ്ടിക്കും കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ ഭംഗിയുള്ള അലങ്കാരപിണ്ടിക്കും മത്സരം നടത്തുന്നുണ്ട്. 150 ഓളം പിണ്ടികളാണു മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുനാളിനെത്തുന്നവര്‍ക്ക് അമ്പ് എഴുന്നള്ളിക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട ്. ക്രമ സമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങളാണു പോലീസിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here