ചാലക്കുടി: ഫിനോമിനല്‍ ഹെല്‍ത്ത്കെയര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെക്കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി കാവള്ളൂര്‍വീട്ടില്‍ കെ.എന്‍. സന്തോഷ് (55), കോതമംഗലം മംഗലത്ത് വെളിയത്ത് നീന എസ്. ഗിരി (43) എന്നിവരാണ് അറസ്റ്റിലായത്. ഫിനോമിനല്‍ ഇന്‍ഡസ്ട്രീസിന് സമാന്തരമായി രൂപവത്കരിച്ച എസ്.എന്‍.കെ. എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് സന്തോഷ് എന്ന് പോലീസ് പറഞ്ഞു. നീന ചാലക്കുടിയില്‍ ഡിവിഷണല്‍ മാനേജരായിരുന്നു. അവസാനനാളുകളില്‍ ഹെല്‍ത്ത് കെയറിന്റെ പണം മുഴുവന്‍ ഇവര്‍ രണ്ടുപേരുടെയും അക്കൗണ്ടുകളിലാണ് എത്തിയിരുന്നത്.ഇവര്‍ രണ്ടുപേരുമാണ് ചാലക്കുടി ഓഫീസിന്റെ ചുക്കാന്‍പിടിച്ചിരുന്നത്. ഫിനോമിനല്‍ ഗ്രൂപ്പ് വിവിധ പേരുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങി പൊതുജനങ്ങളില്‍നിന്നും 200 കോടിയോളം നിക്ഷേപം സ്വീകരിച്ച് തട്ടിപ്പുനടത്തിയെന്നാണ് കേസ്. കേസില്‍ മുമ്പ് നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇനി എട്ടുപേര്‍കൂടി പിടിയിലാകാനുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി അമ്പതോളം കേസുകളുണ്ട്.ക്രൈംബ്രാഞ്ച് സി.ഐ.മാരായ എം.വി. മണികണ്ഠന്‍, പി.എസ്. ഷിജു, എസ്.ഐ. സി.കെ. രാജു, എ.എസ്.ഐ. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here