ഇരിങ്ങാലക്കുട-കുറവ് ഭൂമിയുള്ള പട്ടണവാസികള്‍ക്കും ഭൂഗര്‍ഭജല സംപോഷണത്തിന് സാദ്ധ്യതക്കുറവുള്ളവര്‍ക്കും തന്മൂലം വിമുഖത പ്രകടിപ്പിക്കുന്നവര്‍ക്കും ഇതാ ഒരു ശുഭവാര്‍ത്ത.ടൗണില്‍ 5 സെന്റ് ,10 സെന്റ് പുരയിടത്തിലും ,തറയോട് വിരിച്ച മുറ്റത്തും വാഹനങ്ങള്‍ക്ക് ഒരുക്കിയ റോഡിലും സുരക്ഷിതമയാി ഭൂഗര്‍ഭ ജല സംഭരണത്തിന് തടസ്സമില്ലയെന്ന് നാലുഭാഗം ആഴിയും തുരുത്തായി നിലകൊള്ളുന്ന ആള്‍ താമസമില്ലാത്ത ലക്ഷദ്വീപിലെ മണലാരണ്യമായ സുഹേലിപാര്‍ മുതല്‍ ഗുജറാത്തിലെ കണ്ടല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ട മഴ കിട്ടാത്ത മരുഭൂമിക്ക് തുല്യമായി പരന്നുകിടക്കുന്ന നവിനാല്‍ ദ്വീപ് പരിസരത്ത് വരെ ഔദ്യോഗിക ജീവിതം നയിച്ച ഇരിങ്ങാലക്കുടക്കാരന്‍ റിട്ട.എഞ്ചിനീയറും സര്‍ക്കാരിന്റെ അംഗീകാരവും അനുമോദവും ലഭിച്ച കാവല്ലൂര്‍ ഗംഗാധരന്റെ സ്വവസതിയായ 20 സെന്റില്‍ ചെയ്തിരിക്കുന്ന രീതികള്‍ ജനങ്ങള്‍ക്ക് മാതൃകയാകുന്നു.പതിമൂന്ന് വിവിധരീതികള്‍ ,മുറ്റത്ത് തറ ഓട് വിരിച്ച സ്ഥലത്തും കാര്‍പോര്‍ച്ചുമുതല്‍ ടാര്‍ റോഡ് വരെയുള്ള എണ്‍പത് അടി ദൈര്‍ഘ്യം വരുന്ന ഗംഗാധരന്റെ മുറ്റത്തെ റോഡ് വാഹനഗതാഗതത്തിന് മാത്രമല്ല ഭൂഗര്‍ഭ ജല സംഭരണി കൂടിയാക്കി മാറ്റിയത് കാണുന്നവര്‍ക്ക് എല്ലാം കൗതുകം ജനിപ്പിക്കുന്നു.റോഡില്‍ നിന്ന് മാത്രം ഒരു വര്‍ഷം ശേഖരിക്കുന്ന മഴ വെള്ളം മൂന്ന് ലക്ഷത്തില്‍ കൂടുതലാണെന്ന് ഗംഗാധരന്‍ അടിവരയിട്ട് പറയുന്നു.വിവിധ സംഘടനകളും ,ഉദ്യോഗസ്ഥരും ,നാട്ടുക്കാരും കേട്ടറിഞ്ഞ് ദൂരത്തുള്ളവര്‍ വരെ ഇത് കാണാന്‍ വരുന്നുണ്ട് .മോട്ടോര്‍ പമ്പ് സെറ്റ് വെച്ച് കിണറ്റിലെ വെള്ളം മഴ വെള്ള രൂപത്തില്‍ ഒഴുക്കി പദ്ധതിയുടെ പ്രവര്‍ത്തനരീതി വരുന്നവരെ കാണിക്കാനും റിട്ട.എഞ്ചിനീയര്‍ മറക്കാറില്ല.കുറവ് ഭൂമിയുള്ളവരുടെയിടയില്‍ ഈ പദ്ധതി ഹഠാദകര്‍ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.റോഡിന് ഉപയോഗിക്കുന്ന വഴി ആവശ്യത്തിന് കുഴിയെടുത്ത് ടയര്‍ പോകുന്ന ഭാഗം ബോള്‍ഡറോ നാല് ഇഞ്ച് കരിങ്കല്ലോ അടുക്കി വെയ്ക്കണം (ഭാരം കയറ്റിയ ലോറി പോകുന്നുവെങ്കില്‍ മാത്രം വീടുപണിക്ക് ശേഷം ,കാര്‍ മാത്രമാണ് വീടുകളില്‍ ഉപയോഗിക്കുന്നത് അത് കൊണ്ട് ആവശ്യമില്ല.) കുഴിയെടുത്ത ശേഷം അടിയില്‍ മൂന്നോ ,നാലോ വരി ഇഷ്ടികയോ ,സിമന്റു കട്ടയോ ,കരിങ്കല്ലോ പൊള്ളയായി അടുക്കിവെയ്ക്കുക.പിന്നീട് കട്ട,കല്ല് ഓട്ടുമുറി ,മെറ്റല്‍ ,നിര്‍മ്മാണ വേസ്റ്റ് ,ഇഷ്ടിക പൊട്ട് ,ഉണ്ടക്കല്ല് ഇട്ട് പരത്തുക.മുകള്‍ ഭാഗം ഒരടി പൊക്കം തരിമുഴുത്ത എം സാന്റ് സാധാരണ മണ്ണില്‍ കലര്‍ത്തി നിരത്തുക.ഇടയ്്ക്കു ചുറ്റും ദ്വാരമുള്ള പി വി സി പൈപ്പ് ചിത്രത്തില്‍ കാണുന്നത് പോലെ വയ്ക്കുക.ഈ പൈപ്പുകള്‍ മാത്രമല്ല നിലവും മുഴുവന്‍ പെയ്തു വെള്ളം ഭൂമിയ്ക്കടിയിലേക്ക് വലിച്ചെടുക്കും .മുറ്റം ടൈല്‍ വിരിക്കുന്നവരും ഇത്തരം പെര്‍ഫോറയിറ്റഡ് പിവിസി പൈപ്പുകള്‍ ഫ്ളോര്‍ ഓടിന്റെ ജോയിന്റില്‍ വിവിധ ഇടങ്ങളില്‍ മൂന്നോ നാലോ അടി താഴ്ചയില്‍ വയ്ക്കണം .തറ ഇഷ്ടിക വിരിച്ച മുറ്റത്തിന്റെ ഒരു കോണില്‍ (സൗകര്യമുള്ള സ്ഥലത്ത് ) അര -ഒരു മീറ്റര്‍ വ്യാസത്തില്‍ ചുറ്റും ദ്വാരമുള്ള സിമന്റ് കോണ്‍ക്രീറ്റ് റിംഗ് ഇറക്കുക.അടി കോണ്‍ക്രീറ്റ് ഇടരുത് .ഇതിന് മുകളില്‍ 6 എം എം കമ്പിയില്‍ രണ്ടര സെ്ന്റി മീറ്റര്‍ ദ്വാരമുള്ള നെറ്റ് ഉണ്ടാക്കി ഇടുന്നത് വലിയ കരടുകള്‍ പോകാതിരിക്കാന്‍ ഉപകരിക്കും .പെയ്തുവെള്ളം എല്ലാം ഭൂമിയില്‍ ഇറങ്ങുവാന്‍ ഈ രീതി നല്ലതാണ് .ഗേറ്റില്‍ ചെറിയൊരു ഹമ്പ് ഉണ്ടാക്കി മഴവെള്ളം പുറത്തു പോവാതെ സംരക്ഷിക്കുന്നത് ഗുണം ചെയ്യും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂഗര്‍ഭ വാട്ടര്‍ ടേബിള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല വീടിനുള്ളില്‍ തണുപ്പ് തരുന്നു.ആഗോള താപനം കുറയ്ക്കാന്‍ നമ്മള്‍ക്കും ഒരു കൈത്താങ്ങ് കൊടുത്തുകൂടെ .ഒരു ജലദിനം കൂടി കടന്നു പോകുമ്പോള്‍ ഭൂഗര്‍ഭ ജലപരിപോഷണത്തിന്റെ മേന്മ ബോധ്യപ്പെടുത്തുകയാണ് കാവല്ലൂര്‍ ഗംഗാധരന്റെ എന്ന റിട്ട.എഞ്ചിനീയര്‍

 

 

LEAVE A REPLY

Please enter your comment!
Please enter your name here