ഇരിങ്ങാലക്കുട : അനുഭവങ്ങളുടെ അഭ്രപാളികളില്‍ പരിമിതമായ പരോള്‍ദിനങ്ങളുപയോഗിച്ച് മൈനാകം എന്ന ഹൃസ്വചിത്രമെടുത്ത് ഷാ തച്ചില്ലം ചരിത്രമാകുന്നു. ചീമേനി തുറന്ന ജയിലിലെ അന്തേവാസിയാണ് ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി ഷാ തച്ചില്ലം. ജയില്‍ ചരിത്രത്തില്‍ ആദ്യമായാണ് തടവുപുള്ളി ജയില്‍വാസത്തിനിടയില്‍ ഇതുപോലൊരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ഇതിനുമുമ്പ് ജയിലിലിരുന്നുതന്നെ ഒരു കവിതാസമാഹാരവും ഷാ പ്രസിദ്ധീകരിച്ചിരുന്നു. തടവറയിലെ ധ്യാനനിമിഷങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മം മാധ്യമശ്രദ്ധ നേടിയിരുന്നു. ജയിലില്‍ നടന്ന പ്രകാശനകര്‍മ്മത്തില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍, സാഹിത്യകാരന്മാരായ അംബികാസുധന്‍ മാങ്ങാട്, പി.എന്‍.ഗോപീകൃഷ്ണന്‍, നാടകകൃത്ത് വാസു ചേറോട് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.ജയില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി തടവുപുള്ളികള്‍ക്കായി സര്‍ഗാത്മകതയിലൂടെ മാനസാന്തരം എന്ന ലക്ഷ്യത്തോടെ 15 ദിവസം നീണ്ടുനിന്ന ഡോക്യുമെന്ററി ആന്റ് ഫിലിംമേക്കിംഗ് കോഴ്സ് നടന്നിരുന്നു. അതില്‍ ഷായും പങ്കെടുത്തിരുന്നു. പ്രശസ്ത ആര്‍ട്ട് ഫിലിം മേക്കറും സാങ്കേതിക വിദഗ്ദനുമായ ചിദംബരപളനിയപ്പന്റെ ശിക്ഷണത്തിലായിരുന്നു കോഴ്സ്. 21 തടവുപുള്ളികള്‍ കോഴ്സില്‍ പങ്കെടുത്തിരുന്നു. കോഴ്സിന്റെ ഭാഗമായി ചിദംബരപളനിയപ്പന്റെ മേല്‍നോട്ടത്തില്‍ തടവുകാര്‍ എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ചീമേനി തുറന്ന ജയിലിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും എബിസിഡി എന്ന ഒരു ഷോര്‍ട്ട് ഫിലിമും നിര്‍മ്മിച്ചിരുന്നു. അതില്‍ ഷായും അഭിനയിച്ചിരുന്നു. അതിന്റെ പ്രകാശനകര്‍മ്മം നടക്കാനിരിക്കുന്നതെയുള്ളു. അതിനിടയിലാണ് ഷായ്ക്ക് 20 ദിവസത്തെ പരോള്‍ ലഭിച്ചത്. കോഴ്സിന്റെ അനുഭവങ്ങളുമായി പുറത്തിറങ്ങിയ ഷാ തന്റെ മനസിലുള്ള കഥകളും ആശയങ്ങളും നാട്ടിലെ കൂട്ടുകാരോട് പങ്കുവെച്ചു. ഷായുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ സുഹൃത്തുക്കളും നാട്ടുകാരും ഷായെ സഹായിക്കുകയായിരുന്നു. അന്തരാഷ്ട്ര പുരസ്‌കാരജേതാവും നടനുമായ ഇരിങ്ങാലക്കുടക്കാരനായ രാജേഷ് നാണുവിനോട് ആശയം പങ്കുവെച്ചു. പരിമിതമായ പരോള്‍ ദിനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഥയും തിരക്കഥയും തയ്യാറാക്കി ചിത്രീകരണം നടത്തുകയും ചെയ്തു.ഏതൊരു മനുഷ്യനിലും നന്മതിന്മകളുമുണ്ടെന്നും അവനവന്റെ ഉള്ളിലുള്ള ആര്‍ദ്രതയെ തേടിയുള്ള യാത്രയാണ് ഈ സിനിമയിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചിട്ടുള്ളതെന്നും ഷാ പറഞ്ഞു. കരുണാഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ജീര്‍ണ്ണതയിലേക്ക് വിരല്‍ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് മനസിന്റെ അകം എന്ന മൈനാകം എന്ന ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകളെകൊണ്ട് അടയാളപ്പെടുത്തുവാന്‍ പറ്റാത്ത അനുഭവങ്ങളും വികാരങ്ങളും വരച്ചുകാണിക്കുവാനും ദൃശ്യവത്കരിക്കുവാനും കിട്ടിയ അപൂര്‍വ്വസൗഭാഗ്യമാണ് ജയിലിലെ കോഴ്സിലൂടെ ലഭിച്ചതെന്ന് ഷാ പറഞ്ഞു. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിനാല്‍ ജയിലിലടക്കപ്പെട്ടവരുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യം വച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ കോഴ്സുകളിലൂടെ മാറ്റമുണ്ടായവരുടെ കഥകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ സിനിമയെന്ന മാധ്യമമാണ് ഏറ്റവും ഫലപ്രദമെന്ന് ഷാ പറഞ്ഞു. എക്സിക്യൂട്ടിവ് പ്രൊഡ്യുസറായ നടവരമ്പ് സ്വദേശി പി.ജി.വിപിന്റെ പ്രത്യേക താത്പര്യമാണ് ചിത്രം ഇത്രയും പെട്ടെന്ന് സംഭവ്യമാക്കിയതെന്ന് നന്ദിയോടെ ഷാ സ്മരിക്കുന്നു. ഷായുടെ സ്വപ്ന സാക്ഷാത്കാരത്തിന് സഹായിച്ച സുഹൃത്തുക്കളെയും നാട്ടുകാരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഷാ വീണ്ടും ചീമേനിയിലേക്ക് യാത്രയായി.

LEAVE A REPLY

Please enter your comment!
Please enter your name here