ഇരിങ്ങാലക്കുട : ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും മഴക്കെടുതിയിലും സകലതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇരിങ്ങാലക്കുട രൂപത. അപ്രതീക്ഷിതമായി കേരളത്തില്‍ ആഞ്ഞടിച്ച പ്രകൃതിക്ഷോഭത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുണ്ടായ വന്‍ നഷ്ടത്തില്‍ നിന്ന് കരംപിടിച്ചുയര്‍ത്താന്‍ ഇരിങ്ങാലക്കുട രൂപത 20 ലക്ഷം രൂപ ചെലവഴിക്കുന്നു. മുന്നൂറില്‍ പരം വ്യാപാരികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിന് പുറമേ അവരുടെ കുടുംബത്തെ മുഴുവന്‍ ഒരു വര്‍ഷത്തേക്ക് സംരക്ഷിക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതികളിലും ഇവരെ അംഗങ്ങളാക്കുന്നുണ്ട്. അമ്പഴക്കാട്, വൈന്തല, കല്ലൂര്‍, വെണ്ണൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള 16 വ്യാപാരികള്‍ക്കും അന്നമനട, മേലഡൂര്‍, പൂവത്തുശേരി, പാറക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള 42 കച്ചവടക്കാര്‍ക്കും പുത്തന്‍വേലിക്കര, മടത്തുപടി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള 26 പേര്‍ക്കും മാള, തെക്കന്‍ താണിശേരി, കുഴൂര്‍, കുണ്ടൂര്‍ എന്നീ പ്രദേശങ്ങളിലെ 26 വ്യാപാരികള്‍ക്കുമുള്ള ചെക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൈമാറി. ചാലക്കുടി, കുറ്റിക്കാട്, പൂവത്തിങ്കല്‍ മേഖലകളിലെ നൂറിലധികം കച്ചവടക്കാര്‍ക്കുളള സാമ്പത്തിക സഹായം ഒക്ടോബറില്‍ നല്‍കിയിരുന്നു. എടത്തിരുത്തി, മൂന്നുപീടിക, ചേലൂര്‍ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്കുള്ള സഹായ വിതരണം ഉടനെ നടത്തുമെന്ന് സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അറിയിച്ചു.
മാള ഫൊറോന വികാരി ഫാ. പീയൂസ് ചിറപ്പണത്ത്, അമ്പഴക്കാട് ഫൊറോന വികാരി ഫാ. പോളി പടയാട്ടി, അന്നമനട ഇടവക വികാരി ഫാ. ജീസ് പാക്രത്ത്, പുത്തന്‍വേലിക്കര പള്ളി വികാരി ഫാ. കിന്‍സ് ഇളംകുന്നപ്പുഴ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് കണ്ണത്ത്, പുത്തന്‍വേലിക്കര മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.പി ഷിജു, വ്യാപാരി വ്യവസായി ഏകോപന സമിതി അന്നമനട മേഖല ട്രഷറര്‍ കെ.ടി ഡേവിസ്, മാള ഫൊറോന പള്ളി ട്രസ്റ്റി ഡേവിസ് പാറേക്കാട്ട്, അവാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് അമ്പൂക്കന്‍, കേരളസഭ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ജിജോ വാകപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളസഭ മാനേജിംഗ് എഡിറ്റര്‍ ഫാ. വില്‍സന്‍ ഈരത്തറ, ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളി, ഫാ. മനോജ് കരിപ്പായി, ഫാ. എബിന്‍ പയ്യപ്പിള്ളി, ഫാ. ഫ്രാങ്കോ പറപ്പുള്ളി, ഫാ. അനൂപ് കോലങ്കണ്ണി, കേന്ദ്രസമിതി ഭാരവാഹികള്‍, കൈക്കാരന്മാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here