പടിയൂര്‍: പ്രളയബാധിതരായ കുടുംബശ്രി അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റീസര്‍ജന്റ് കേരള ലോണ്‍ പദ്ധതിക്ക് പടിയൂരില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രി മിഷന്റേയും സഹകരണവകുപ്പിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന്‍ അധ്യക്ഷനായിരുന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ജില്ലാ പഞ്ചായത്തംഗം എന്‍.കെ. ഉദയപ്രകാശ്, കെ.എസ്. രാധാകൃഷ്ണന്‍, സി.ഡി.എസ്. ചെയര്‍പേഴ്സന്‍ അജിത വിജയന്‍, ബാങ്ക് പ്രസിഡന്റ് പി. മണി, വൈസ് പ്രസിഡന്റ് ടി.ആര്‍. ഭുവനേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. എന്നാല്‍ റീസര്‍ജന്റ് കേരള ലോണ്‍ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനപരിപാടിയില്‍ പ്രതിപക്ഷാംഗങ്ങളെ അവഗണിച്ചതില്‍ കോണ്‍ഗ്രസ്സ്, ബി.ജെ.പി. അംഗങ്ങള്‍ പ്രതിഷേധിച്ചു. ലോണിന്റെ ഉദ്ഘാടനം പ്രതിപക്ഷാംഗങ്ങളെ അറിയിക്കുകയോ, പരിപാടിക്ക് ക്ഷണിക്കുകയോ ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. കീഴ് വഴക്കങ്ങളോ, ജനാധിപത്യ മര്യാദകളോ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണനേതാക്കളുടെ അജണ്ടയില്‍ ഇല്ലെന്ന് യു.ഡി.എഫ്. അംഗങ്ങളായ സി.എം. ഉണ്ണികൃഷ്ണന്‍, ടി.ഡി. ദശോബ്, സുനന്ദ ഉണ്ണികൃഷ്ണന്‍, ഉഷ രാമചന്ദ്രന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് ഭരണാധികാരികള്‍ പാര്‍ട്ടി അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി. അംഗങ്ങള്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ പ്രതിഷേധം സങ്കടിപ്പിക്കുമെന്ന് ബി.ജെ.പി. അംഗങ്ങളായ ബിനോയ് കോലാന്ത്ര, സജി ഷൈജുകുമാര്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നത് സഹകരണ ബാങ്കും കുടുംബശ്രിയും ചേര്‍ന്നാണെന്നും പഞ്ചായത്തല്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ്, ബി.ജെ.പി. അംഗങ്ങളെ കുടുംബശ്രി ചെയര്‍പേഴ്സന്‍ ഔദ്യോഗികമായ ക്ഷണിച്ചിരുന്നതായും പ്രസിഡന്റ് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here