ഒരു വഴിയും കുറെ നിഴലുകളും – സാഹിത്യത്തിലെ പുരുഷകേന്ദ്രീകൃതമായ ആധുനികതയ്ക്ക് ഒരു ബദല്‍ – ഡോ.എം.കൃഷ്ണന്‍ നമ്പൂതിരി.

1954

പുരുഷകഥാപാത്രങ്ങളുടെ വൈയക്തികപ്രശ്‌നങ്ങളെ ആധുനികതയാമായി ബന്ധപ്പെടുത്തി സാഹിത്യസൃഷ്ടികള്‍ വന്നിരുന്ന ഒരു കാലഘട്ടത്തില്‍ സ്ത്രീയ്ക്കും അസ്തിത്വവ്യഥകളുണ്ടെന്നും വരച്ചുകാണിയ്ക്കുകയാണ് രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍. സാമൂഹികചുറ്റുപാടുകളും ജീവിത നിലവാരവുമെല്ലാെം മാറിയാലും അടിസ്ഥാനപരമായ മാനസിക ഭാവങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാകുന്നില്ലെന്ന് രാജലക്ഷ്മിയുടെ കൃതികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഡോ.എം.കൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കി. നമ്മുടെ അപരജീവിതങ്ങളെ കണ്ടെത്താന്‍ പോരുന്ന ഇടവഴികള്‍, ആ വഴിത്താരയിലെ നിഴല്‍ രൂപങ്ങള്‍, നിഴല്‍ രൂപങ്ങള്‍ക്കു മുന്നിലുള്ള യഥാര്‍ത്ഥ രൂപങ്ങള്‍ ഇവയെല്ലാം വളരെ കാവ്യാത്മകമായ ഭാഷയില്‍ രാജലക്ഷ്മി രേഖപ്പെടുത്തിയിരിക്കുന്നു. മൃതിയുടെ ഇരുട്ടിന് ഒരിയ്ക്കലും മറയ്ക്കാന്‍ കഴിയാത്ത എഴുത്തുകാരിയാണ് രാജലക്ഷ്മി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ ഇരുപതാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു കാലടി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനായ ഡോ.എം.കൃഷ്മന്‍ നമ്പൂതിരി. ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, ഡോ.കെ.പി.ജോര്‍ജ്, ഉണ്ണികൃഷ്ണന്‍ കിഴുത്താണി, അന്‍വര്‍, പ്രസീത, കെ.മായ എന്നിവര്‍ സംസാരിച്ചു.

 

Advertisement