പുല്ലൂര്‍:ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി One Rupee Challenge ഒരുക്കി പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ വേറിട്ട ഓണാഘോഷം. ”നമ്മളില്‍ എല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നാല്‍ വലിയ സ്‌നേഹത്തോടെ ചെറിയ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ കരുണകൊണ്ട് അനേകരുടെ വേദന കുറക്കാന്‍ വലിയ സ്‌നേഹത്തോടെ നല്‍കൂ ഒരു രൂപ….” എന്ന ആഹ്വാനവുമായി ആര്‍ദ്രതയുടെ മുഖം നല്‍കി പുല്ലൂര്‍ മിഷന്‍ ഹോസ്പിറ്റല്‍. ഇരിഞ്ഞാലക്കുട രൂപത വൈസ് ചാന്‍സലര്‍ റെവ. ഡോക്ടര്‍ കിരണ്‍ തട്ട്‌ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കി. മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ സിസ്റ്റര്‍ റീറ്റ CSS , ചീഫ് സൈക്കാട്രിസ്റ്റ് ഡോക്ടര്‍ M.V.വാറുണ്ണി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്‌ലോറി CSS എന്നിവര്‍ സംസാരിച്ചു. ഡയാലിസിസ് രോഗികള്‍ക്കുവേണ്ടിയുള്ള One Rupee Challenge എന്ന ആശയം ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ശ്രീ ആന്‍ജോ ജോസ് അവതരിപ്പിച്ചു. ആശുപത്രിയിലെ എല്ലാ ജീവനക്കാരും എല്ലാദിവസവും ഒരു രൂപ മാറ്റിവച്ചാല്‍ ഒരുവര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി നല്‍കി ഒരു രൂപയുടെ വിപ്ലവം സൃഷ്ടിക്കാനാകും എന്ന ചിന്തയാണ് One Rupee Challenge. വേദിയിലെ വിശിഷ്ട വ്യക്തികളോടൊപ്പം മാവേലിയും ചേര്‍ന്ന് ഒരു രൂപ, പ്രത്യേകം സജ്ജമാക്കിയ ബോക്‌സില്‍ നിക്ഷേപിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ഓണദിനങ്ങളില്‍ ഡയാലിസിസ് സമ്പൂര്‍ണമായും സൗജന്യമായിരിക്കുമെന്നു ഹോസ്പിറ്റല്‍ വക്താക്കള്‍ അറിയിച്ചു. തുടര്‍ന്ന് ഹോസ്പിറ്റല്‍ ജീവനക്കാരുടെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഓണാഘോഷ കലാപരിപാടികള്‍ അരങ്ങേറി.

 

LEAVE A REPLY

Please enter your comment!
Please enter your name here