നിര്‍ധന കുടുംബത്തിന് വെളിച്ചമേകി ഊരകം സി.എല്‍.സി.യുടെ തിരുനാളാഘോഷം

373

പുല്ലൂര്‍: വീട് വൈദ്യുതീകരിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മെഴുകുതിരി വെളിച്ചത്തില്‍ കാലങ്ങള്‍ കഴിച്ചുകൂട്ടിയ കുടുംബത്തിന് വൈദ്യുതി എത്തിച്ച് ഊരകം സിഎല്‍സിയുടെ തിരുനാളാഘോഷം. ഊരകം മഡോണ നഗറിലെ താമസക്കാരായ പരേതനായ അരിങ്ങാട്ടുപറമ്പില്‍ ഷനിയുടെ ഭാര്യ ഉമയുടെ കുടുംബത്തിനാണ് സിഎല്‍സി യുടെ നേതൃത്വത്തില്‍ വീട് മുഴുവന്‍ വൈദ്യുതീകരച്ച് കണക്ഷന്‍ എടുത്ത് നല്‍കിയത്. ആറ് വര്‍ഷം മുന്‍പ് പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും അനുവദിച്ച സഹായം വഴിയാണ് സ്ഥലം വാങ്ങുന്നതിനും വീട് പണിയുന്നതിനും സാധിച്ചത്.എന്നാല്‍ വൈദ്യുതീകരണമടക്കമുള്ള മറ്റു പണികളൊന്നും ചെയ്യാന്‍ സാധിച്ചില്ല. സാങ്കേതിക തടസം മൂലം റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ സാധിക്കാത്തതിനാല്‍ മണ്ണെണ്ണ പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഷനി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. ഉമയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളും ആറാം ക്ലാസില്‍ പഠിക്കുന്ന മകനും മാത്രമാണ് കുടുംബത്തിലുള്ളത്. ഉമ കൂലി പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. മെഴുകുതിരി വെളിച്ചത്തില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ സായ്മിത്ര 85 ശതമാനം മാര്‍ക്കോടെ പരീക്ഷ വിജയിച്ചതിനു പിന്നലെ വീട്ടില്‍ വൈദ്യുതി ലഭിച്ചതിലും സാങ്കേതിക തടസങ്ങള്‍ നീക്കി കഴിഞ്ഞ ദിവസം തന്നെ റേഷന്‍ കാര്‍ഡ് ലഭിച്ചതിലും ഉമയും കുടുംബവും ഏറെ സന്തോഷത്തിലാണ്.ഇന്നലെ ഷനിയുടെ ഒന്നാം ചരമവാര്‍ഷിക ദിനം കൂടിയായിരുന്നു.
ഞായറാഴ്ച്ച നടക്കുന്ന ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ ഊട്ടു തിരുനാളിന്റെ ഭാഗമായി സിഎല്‍സി യുടെ സാന്ത്വനം പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട് വൈദ്യുതീകരണം നടത്തിയത്. വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു.

 

Advertisement