നീണ്ട 21 വര്‍ഷത്തേ നിര്‍മ്മാണത്തിന് ശേഷം നാടോടികള്‍ക്ക് താവളമെരുക്കി ഇരിങ്ങാലക്കുട ബൈപാസ്
Published :23-Oct-2017
ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിച്ച ഇരിങ്ങാലക്കുട ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാകാതെ വര്‍ഷം 21 കഴിയുമ്പോള്‍ ഇപ്പോഴത്തേ അവസ്ഥ നാടോടികളുടെ അടുപ്പുകള്‍ ബൈപാസ് റോഡില്‍ പുകയുന്നതാണ്.ബസ് സ്റ്റാന്റ് മുതല്‍ ഠാണ വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മാണം ആരംഭിച്ചതാണ് ബൈപ്പാസ് റോഡ്.20 മീറ്റര്‍ വീതിയിലാരംഭിച്ച ബൈപ്പാസ് റോഡ് നിര്‍മ്മാണം രണ്ടാം ഘട്ടത്തില്‍ 16 ഉം മൂന്നാം ഘട്ടത്തില്‍ 14 ഉം ഒടുവില്‍ ഏഴുമീറ്റര്‍ വീതിയിലേക്കും ചുരുങ്ങി. യുഡിഎഫ് ഭരണകാലത്ത് രണ്ടുഘട്ടം പൂര്‍ത്തിയാക്കിയെങ്കിലും മൂന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ഭരണസമിതിയില്‍ ബെന്‍സി ഡേവിഡ് ചെയര്‍പേഴ്സനായിരുന്നപ്പോഴാണ് റോഡിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുകയും മൂന്നാംഘട്ടത്തിന് സ്ഥലം ഏറ്റെടുക്കുകയും ചെയ്തത്. റോഡിന്റെ മെറ്റലിങ് പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുവന്ന ഭരണസമിതിക്ക് പക്ഷെ ടാറിംഗ് നടത്തി റോഡു തുറന്നുകൊടുക്കാന്‍ സാധിച്ചില്ല. ബൈപ്പാസ് റോഡില്‍നിന്നും കാട്ടൂര്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതായിരുന്നു കാരണം.കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് കാട്ടൂര്‍ റോഡിലേക്ക് ചേരുന്ന ഭാഗത്തെ സ്ഥലത്തിനു പകരമായി സ്വകാര്യ വ്യക്തിക്ക് നഗരഹൃദയഭാഗത്തെ സ്ഥലം വിട്ടുകൊടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എല്‍ഡിഎഫും ബിജെപിയും എതിര്‍ത്തതോടെ അത് പാളി.പിന്നീട് കുപ്പികഴുത്ത് നിലനിര്‍ത്തി ബാക്കിയുള്ള സ്ഥലം ടാറിംങ്ങ് നടത്തി ഗതാഗതയോഗ്യമാക്കുവാന്‍ തീരുമാനമായെങ്കില്ലും കല്ല് വിരിച്ച പാതയില്‍ കൂടുതല്‍ കല്ലുകള്‍ തട്ടി ഉണ്ടായിരുന്ന ഗതാഗതം കൂടി അവസാനിപ്പിച്ചു.ഇനി മഴ തീര്‍ന്നിട്ട് പണി തുടങ്ങാന്‍ സാധിക്കുകയുള്ളു എന്നാണ് അന്ന് പറഞ്ഞിരുന്നത്.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിനാല്‍ നാടോടികള്‍ റോഡ് കൈയേറി അടുപ്പ് കൂട്ടി തുടങ്ങിയിരിക്കുന്നു.ഗതാഗതക്കുരുക്കില്ലാതെ ബൈപ്പാസ് റോഡിലേക്ക് നാലുവശത്തുനിന്നും വാഹനങ്ങള്‍ക്ക് യഥേഷ്ടം കയറാന്‍ കഴിയുന്ന തരത്തില്‍ ബെല്‍മോത്ത് നിര്‍മിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.ഇതിന് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.നഗരത്തിലെ ഗതാഗതപ്രശന്ം പരിഹരിക്കാന്‍ കഴിയുന്ന ബൈപ്പാസ് റോഡ് പൂര്‍ത്തീകരണത്തിന് ഇനിയെത്ര കാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് ജനം.
 
View Comments

Other Headlines