വെട്ടുകുന്നത്തുകാവു ക്ഷേത്രത്തില്‍ ആചാരപ്പൊലിമയോടെ പോത്തോട്ടോണം
Published :16-Oct-2017

ഇരിങ്ങാലക്കുട: ഐതിഹ്യങ്ങളില്‍ നിറഞ്ഞ് കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തില്‍ ആചാരപ്പൊലിമയോടെ പോത്തോട്ടം നടന്നു. ആചാരത്തനിമയോടെ നടന്ന ഈ പോത്തോട്ടോണം കാണികളെ ആവേശത്തിലാഴ്ത്തി. കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ഈ ചടങ്ങു നടത്തുന്നത്. കര്‍ഷകരുടെ ഉന്നമനത്തിനും കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് അസുഖം വരാതിരിക്കുവാനും നാടിന്റെ ഐശ്വര്യത്തിനുമാണ് ഇതു സംഘടിപ്പിക്കുന്നത്. ഏഴുദിവസംമുന്പ് ക്ഷേത്രത്തില്‍ പോത്തുകള്‍ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടുകൂടിയാണ് ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം കര്‍ഷകര്‍ പോത്തു കളുമായി ക്ഷേത്രത്തില്‍ എത്തും. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്ക് മുന്നില്‍ ആര്‍ത്തോട്ടത്തിനു ശേഷമാണു പോത്തോട്ടത്തില്‍ പങ്കെടുക്കുക.പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നത്തിന്റെ പ്രതീകമെന്ന നിലയ്ക്കു നെല്ലിന്‍കറ്റ കൊണ്ടുവെയ്ക്കും. പോത്തുകളുടെ ശക്തി പരീക്ഷിക്കുവാന്‍ കര്‍ഷകരുടെ നേതാവായി വള്ളുവന്‍ പോത്തോട്ടക്കല്ലില്‍ ഇരിക്കുകയും കൊണ്ടുവരുവാന്‍ കല്പിക്കുകയും ചെയ്യും. തന്റെ മുന്നിലെത്തുന്ന ഉരുക്കളെ ഇളനീരും പൂവും നെല്ലും എറിഞ്ഞ് അനുഗ്രഹിക്കുകയും തുടര്‍ന്ന് തറയ്ക്കു ചുറ്റും പോത്തുകളെ മൂന്നു പ്രദക്ഷിണം ഓടിച്ചുകൊണ്ട് ഓരോ ദേശക്കാരെയും അനുഗ്രഹിച്ച് ഉരുക്കളുടെ ശക്തിയെപ്പറ്റി ഊരാളനെ ധരിപ്പിക്കുകയും അനുഗ്രഹസൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുകയും ചെയ്യുന്നതോടെ പോത്തോട്ട ചടങ്ങുകള്‍ സമാപിക്കും. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന പോത്തുകള്‍ തറയ്ക്കു ചുറ്റും ഓടി ശക്തി തെളിയിക്കുന്‌പോള്‍ വെള്ളോന്‍ ഇരിക്കുന്ന കല്ലില്‍ പോത്തുകള്‍ തൊട്ടാല്‍ ആ പോത്തുകളുടെ ഉടമസ്ഥാവകാശം ക്ഷേത്രത്തിനാണെന്നാണ് ഐതിഹ്യം. ഇതിനിടയില്‍ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായ വഴക്കുകള്‍ പറഞ്ഞുതീര്‍ക്കുന്ന പതിവുമുണ്ട്. തുടര്‍ന്ന് ഇതിന്റെ സൂചനയായി ചില പാട്ടുകള്‍ പാടും. പ്രശ്‌നവും പരിഹാരവും ഉള്‍ക്കൊള്ളുന്നതാണീ ഗ്രാമീണ ഗാനങ്ങള്‍ അകമ്പടിയായി ചെറുകുഴലും ചെണ്ടയും പറയും വാദ്യങ്ങളാകുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള ദേശങ്ങളില്‍ നിന്നുള്ള പോത്തുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. പങ്കെടുത്ത എല്ലാ ദേശക്കാര്‍ക്കും ക്ഷേത്രത്തില്‍നിന്ന് പുടവയും പണവും നല്‍കും. കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടങ്ങളില്‍ ഒന്നാണ് കരുവന്നൂര്‍ വെട്ടുകുന്നത്തുകാവിലേത്. പണ്ടുകാലങ്ങളില്‍ കാര്‍ഷികവൃത്തിക്കു മേല്‍നോട്ടം വഹിച്ചിരുന്ന പുലയസഭയില്‍പെട്ടവരുടെ മരുമക്കത്തായ വ്യവസ്ഥയില്‍ പിന്തുടര്‍ച്ചക്കാരായിവരുന്ന വെള്ളോന്‍മാരാണ് പോത്തോട്ടത്തിന് ഇരിക്കുക. വര്‍ഷംതോറും മുടങ്ങാതെ നടത്തുന്ന ഈ കാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാന്‍ വിദൂരഗ്രാമങ്ങളില്‍ നിന്നുപോലും സ്ത്രീപുരുഷഭേദമെന്യേ നാട്ടുകാര്‍ ഒഴുകിയെത്തി. കാട്ടൂര്‍, കാറളം, പൊഞ്ഞനം, ആറാട്ടുപുഴ, തൊട്ടിപ്പാള്‍, പല്ലിശേരി, എട്ടുമുന തുടങ്ങി 29 ദേശങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് പോത്തോട്ടത്തില്‍ പങ്കെടുക്കാറ്. പോത്തോട്ടത്തിനുശേഷം ഒരു ഭക്തന്‍ ക്ഷേത്രത്തിനു സമര്‍പ്പിച്ച പോത്തിന്റെ ലേലം വിളിയും നടന്നു.
 
View Comments

Other Headlines