പ്രകൃതി സംരക്ഷകരുടെ കരുതലില്‍ ചേരക്കോഴിക്കുഞ്ഞുങ്ങള്‍ക്ക് പുതുജന്മം.
Published :13-Oct-2017

ഇരിങ്ങാലക്കുട : വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികുഞ്ഞുങ്ങള്‍ക്ക് പുതുജന്മമേകി പ്രകൃതി സംരക്ഷകരുടെ കൂട്ടായ്മ മാതൃകയായി. മരത്തിലെ കൂട്ടില്‍നിന്ന് താഴെ വീണ പറക്കമുറ്റാത്ത ഇരുപത്തൊന്ന് പക്ഷിക്കുഞ്ഞുങ്ങളെയാണ് 'ബെഡേഴ്സ് സാന്‍സ് ബോര്‍ഡേഴ്സ്' എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയിലെ പ്രവര്‍ത്തകര്‍ സംരക്ഷിച്ചത്.കഴിഞ്ഞദിവസം കരുവന്നൂര്‍ പുഴയോരത്ത് സ്വകാര്യ ഭൂമിയിലെ വലിയ മരം മുറിച്ചപ്പോഴാണ് പക്ഷിക്കുഞ്ഞുങ്ങള്‍ താഴെ വീണത്. വിവരമറിഞ്ഞ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവയെ മറ്റ് പക്ഷികളുടെയും മൃഗങ്ങളുടെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഓറിയന്റല്‍ ഡാര്‍ട്ടര്‍ എന്ന ഇവ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ ഇടം പിടിച്ചവരാണ് എന്ന് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകര്‍ ഇടപെട്ടത്.കേരളത്തില്‍ കല്ലേറ്റുംങ്കര റെയില്‍വേ സ്റ്റേഷന്‍,തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ കുമരകം പക്ഷി സങ്കേതം എന്നിവിടങ്ങളില്‍ മാത്രമാണ് ഈ പക്ഷികളെ കണ്ട് വരുന്നത്.ചെറുപ്പത്തില്‍ വെള്ള നിറത്തിലും പീന്നീട് പ്രജനനകാലത്ത് നിറം മാറി ചാരകളര്‍ കൈവരിക്കുകയും വീണ്ടും വെള്ളനിറത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്യുന്ന ഇവയുടെ ജീവിത ചക്രം ഏറെ വിസ്മയാവഹമാണ്.കൊക്കുകളെ പോലെ കഴുത്ത് നീണ്ട ഈ പക്ഷികളുടെ പ്രധാന ആഹാരം മത്സ്യങ്ങളാണ്.മുഴുവന്‍ സമയം പ്രകാശവും ശബ്ദവും ഉള്ള പ്രദേശങ്ങളിലാണ് ഈ പക്ഷികള്‍ കൂട്ടത്തോടെ കൂട് കൂട്ടുന്നത്.വന്യജീവി സംരക്ഷകനായ മാപ്രാണം ഷബീര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി പക്ഷിക്കുഞ്ഞുങ്ങളെ എടുത്ത് സ്വവസതിയില്‍ സംരക്ഷണം നല്‍കി. പിന്നീട് ഇരിങ്ങാലക്കുട മൃഗാശുപത്രിയിലെ ഡോ.കണ്ടംകുളത്തിയുടെ നേതൃത്വത്തില്‍ ഇവയെ പരിശോധിച്ച് പ്രഥമചികിത്സയും നല്‍കി. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ പി.എസ്. ഷൈലന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ക്ക് കൈമാറി. പറക്കാന്‍ സാധ്യമാകുന്ന വളര്‍ച്ചയെത്തുംവരെ ഇവയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കി, പിന്നീട് സ്വതന്ത്രമാക്കുമെന്ന് വനപാലകര്‍ അറിയിച്ചു.
 
View Comments

Other Headlines