തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുടയില്‍ പോള്‍വാള്‍ട്ട്, ഹൈജംബ്ബ് മത്സരങ്ങള്‍ നടന്നു.
Published :11-Oct-2017
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുടയില്‍ പോള്‍വാള്‍ട്ട്, ഹൈജംബ്ബ് മത്സരങ്ങള്‍ നടന്നു. ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ പോള്‍വാള്‍ട്ട് സീനിയര്‍ ബോയ്സില്‍ മാള ഉപജില്ലയിലെ റോഷന്‍ തോമസ് 2.90 മീറ്റര്‍ ചാടി ഒന്നാം സ്ഥാനം നേടി. മാളയിലെ തന്നെ ആബേല്‍ വര്‍ഗ്ഗീസ്, ചാവക്കാട് ഉപജില്ലയിലെ അരുണ്‍ കൃഷ്ണ എന്നിവര്‍ 2.75 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്തെത്തി. സീനിയര്‍ ഗേള്‍സില്‍ വലപ്പാട് ഉപജില്ലയിലെ അനു പി.എച്ച്, ചാലക്കുടി ഉപജില്ലയിലെ സിബിയ ബിജു എന്നിവര്‍ രണ്ട് മീറ്റര്‍ ചാടി ഒന്നാം സ്ഥാനം നേടി.  1.80 മീറ്റര്‍ ചാടിയ ചാലക്കുടിയിലെ തന്നെ ഉണ്ണിമായക്കാണ് രണ്ടാം സ്ഥാനം. ജൂനിയര്‍ ബോയ്സില്‍ മാള ഉപജില്ലയിലെ നിബിന്‍ ഷാജു, വലപ്പാട് ഉപജില്ലയിലെ യദുകൃഷ്ണന്‍ കെ.എം എന്നിവര്‍ 3.15 മീറ്റര്‍ ചാടി ഒന്നാമതെത്തി. ചാവക്കാട് ഉപജില്ലയിലെ ജിഷ്ണു പി.ഡി 2.60 ചാടി രണ്ടാം സ്ഥാനത്തെത്തി. ഹൈജംബ്ബില്‍ സീനിയര്‍ ബോയ്സില്‍ ചാവക്കാട് ഉപജില്ലയിലെ അനന്തു കെ.എസ് 1.85 ചാടി ഒന്നാമതെത്തി. 1.79 മീറ്റര്‍ ചാടിയ ചാവക്കാട് ഉപജില്ലയിലെ അനന്തു സി.ആറാണ് രണ്ടാം സ്ഥാനത്ത്. ഇരിങ്ങാലക്കുട ഉപജില്ലയിലെ ജസില്‍ 1.76 ചാടി മൂന്നാം സ്ഥാനത്തെത്തി. സീനിയര്‍ ഗേള്‍സില്‍ ചേര്‍പ്പ് ഉപജില്ലയിലെ ഐശ്വര്യ എസ്. നായര്‍ 1.38 മീറ്റര്‍ ചാടി ഒന്നാം സ്ഥാനത്തെത്തി. തൃശ്ശൂര്‍ ഈസ്റ്റിലെ സോണി ജോസഫും,ചാലക്കുടിയിലെ ഏയഞ്ചല്‍ റോസ് പോളും 1.35 മീറ്റര്‍ വീതം ചാടി രണ്ടാംസ്ഥാനം പങ്കിട്ടു. ജൂനിയര്‍ ബോയ്സില്‍ മാളയിലെ ദീപേഷ് 180 മീറ്റര്‍ ചാടി ഒന്നാമതെത്തി. ചേര്‍പ്പിലെ ജിഷ്ണു വി.കെയും ചലക്കുടിയിലെ ഗില്‍ബര്‍ട്ട്ജോസും 1.65 ചാടി രണ്ടാം സ്ഥാനത്തെത്തി. ജൂനിയര്‍ ഗേള്‍സില്‍ ഇരിങ്ങാലക്കുടയിലെ മീര ഷിബു 1.68 മീറ്റര്‍ ചാടി ഒന്നാമതെത്തി. കുന്നംകുളം ഉപജില്ലയിലെ ഷാലിഹ കെ.എസ് 1.46 മീറ്റര്‍ ചാടി രണ്ടും മാളയിലെ അശ്വതി കെ.യു 1.38 മീറ്റര്‍ ചാടി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സബ്ബ് ജൂനിയര്‍ ഗേള്‍സില്‍ ചാലക്കുടിയിലെ ജോവിത 1.30 മീറ്റര്‍ ചാടി ഒന്നാമതെത്തി. തൃശ്ശൂര്‍ വെസ്റ്റിലെ വര്‍ഷ കെ. പ്രദീപ്, വലപ്പാട് ഉപജില്ലയിലെ ജമുന ഫാത്തിമ എന്നിവര്‍ 1.25 മീറ്റര്‍ ചാടി രണ്ടാമതെത്തി.
 
View Comments

Other Headlines