ഇരിങ്ങാലക്കുടയില്‍ നിന്നും പുതിയൊരു മെത്രാന്‍ കൂടി : മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍
Published :10-Oct-2017

 
ഇരിങ്ങാലക്കുട: രൂപതയുടെ റൂബിജൂബിലി വര്‍ഷത്തില്‍ അത്ഭുതമായി റോമില്‍ നിന്നും ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇരട്ട അംഗീകാരം. ഇരിങ്ങാലക്കുട രൂപതയുടെ മിഷന്‍ പ്രവര്‍ത്തന പ്രദേശമായ ചെന്നൈ ഹോസൂര്‍ രൂപതയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.  ഇരിങ്ങാലക്കുട രൂപത വൈദീകനായ മോണ്‍. ജോബി (സെബാസ്റ്റ്യന്‍) പൊഴോലിപ്പറമ്പിലിനെ പ്രഥമ മെത്രാനായി നിയമിച്ചു. വത്തിക്കാന്‍ സമയം 12.00 മണിക്ക്  റോമിലും ഇന്ത്യന്‍ സമയം 3.30ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായിലും തത്സമയം തന്നെ ഹോസൂരും ഇരിങ്ങാലക്കുട കത്തീഡ്രലിലും നിയമനം പ്രസിദ്ധപ്പെടുത്തി. ഇരിങ്ങാലക്കുട കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. രൂപതാ ചാന്‍സിലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍ ഔദ്യേഗിക പ്രഖ്യാപനം പരസ്യപ്പെടുത്തി. മെത്രാന്റെ സ്ഥാനിക ചിഹ്നങ്ങള്‍ മാര്‍ ജേക്കബ് മനത്തോടത്ത് മോണ്‍. ജോബി പൊഴോലിപറമ്പിലിനെ അണിയിച്ചു. വിദേശ സന്ദര്‍ശനത്തിലായിരിക്കുന്ന ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഫാത്തിമായില്‍ നിന്നും ടെലി കോണ്‍ഫറന്‍സ് വഴി നിയുക്ത മെത്രാന് പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്നു. വൈദിക പ്രതിനിധിയായി പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയ് പാലിയേക്കരയും സന്യസ്ത സഭകളുടെ  പ്രതിനിധിയായി സി. റോസ്മേരി സിഎംസിയും വിശ്വാസ സമൂഹത്തിന്റെ പ്രതിനിധിയായി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ദീപക് ജോസഫും ആശംസകള്‍ നേര്‍ന്നു.   കത്തീഡ്രല്‍ വികാരി, പെരിയ ബഹു. ആന്റു ആലപ്പാടന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ നന്ദി പറഞ്ഞു.റൂബിജൂബിലിയുടെ നിറവിലായിരിക്കുന്ന ഇരിങ്ങാലക്കുട രൂപതയെ സംബന്ധിച്ചിടത്തോളം ദൈവം നല്‍കിയ വലിയൊരു സമ്മാനമാണ് ഹോസൂര്‍ രൂപത. കഴിഞ്ഞ 33 വര്‍ഷങ്ങളായിട്ട് ആരംഭിച്ച ചെന്നൈ സീറോ മലബാര്‍ മിഷന്‍ ഇന്ന് സന്തോഷത്തിന്റെ നിറവിലാണ്. 33 വര്‍ഷത്തെ നിരന്തരമായ അജപാലന ശുശ്രൂഷയുടെ ഫലമായിട്ട് ഒരു രൂപത രൂപം കൊള്ളുവനുള്ള എല്ലാ കഴിവുകളും ക്രമീകരിച്ചു കവിഞ്ഞു എന്നുള്ളത് ഏറെ സന്തോഷവും ആനന്ദവും. മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ വലിയൊരു സ്വപ്നമായിരുന്നു ചെന്നൈ സീറോ മലബാര്‍ മിഷന്‍ ഒരു രൂപതയായിരിക്കുക എന്നുള്ളത്. ഇന്ന് അഭിവന്ദ്യ പിതാവ് സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് ഈ സന്തോഷത്തില്‍ പങ്കുകൊള്ളുന്നുവെന്ന് നമുക്കറിയാം. ചെന്നൈ മിഷന്‍ ഒരു രൂപതയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് വഴി ധാരാളം ദൈവാനുഗ്രഹ പ്രവര്‍ത്തനങ്ങള്‍ നടക്കുവാനായിട്ട് ഇടവരണം. അതിനുള്ള ഒരുക്കവുകൂടിയാണ് ഈ രൂപതാ പ്രഖ്യാപനത്തിലൂടെ നടക്കുന്നത്.'' ആശംസകള്‍ നേര്‍ന്നുകൊണ്ട് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. മാര്‍തോമാശ്ലീഹായുടെ പുണ്യപാദസ്പര്‍ശനംകൊണ്ട് അനുഗൃഹീതവും ഭാരതക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലവുമായ കൊടുങ്ങലൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട രൂപതയെയാണ്  വിശുദ്ധന്റെ രക്തസാക്ഷിത്വംകൊണ്ട്  പവിത്രമായ ചെന്നൈയില്‍ താമസിക്കുന്ന സീറോമലബാര്‍ കത്തോലിക്കരുടെ അജപാലന ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ നിയോഗിച്ചത്. 1983-ല്‍ തന്നെ സീറോമലബാര്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് ഔദ്യോഗികമായി ചെന്നൈമിഷന്‍ ഇരിങ്ങാലക്കുട രൂപതയെ ഏല്‍പിച്ചു. തുടര്‍ന്ന് മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ. അരുളപ്പയും മാര്‍ ജെയിംസ് പഴയാറ്റിന്‍ മെത്രാനും തമ്മിലുള്ള ധാരണയില്‍ 1983 ഡിസംബര്‍ 14-ന് റവ. ഫാ. ജോസ് പാലാട്ടി ചെന്നൈ മിഷന്റെ പ്രഥമ ചാപ്ലിനായി സ്ഥാനമേറ്റതോടെ ഇരിങ്ങാലക്കുട രൂപതയും അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവും മദ്രാസ് മിഷന്റെ ആരംഭകരായി. മാര്‍ തോമാശ്ലീഹാ തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ താമസിച്ചിരുന്ന ചിന്നമലയില്‍, വികാരിയായിരുന്ന ബഹു. പി.ജെ. കുര്യനച്ചന്റെ കൂടെ താമസിച്ചുകൊണ്ടാണ് ചെന്നൈ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹു. ജോസച്ചന്‍ തുടക്കം കുറിച്ചത്. 2005 നവംബര്‍ 28-ാം തിയ്യതി  ചെന്നൈ മിഷന് '' ഇവമുഹമശിര്യ ംശവേ ുെലരശമഹ ുൃശ്ശഹലഴല'െ എന്ന പദവി ലഭിച്ചു. 2008 ഡിസംബറില്‍ 10 ഇടവകകള്‍ രൂപീകൃതമായി. ചെന്നൈയില്‍ 10 ഇടവകകളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന 24 സെന്ററുകളിലുമായി ആകെ 5,000 സീറോ-മലബാര്‍ കുടുംബങ്ങളാണുള്ളത്. ചെന്നൈ മിഷനിലിപ്പോള്‍ 28 വൈദികരാണ് സേവനം ചെയ്യുന്നത്. ഇപ്പോള്‍ ബഹു. മോണ്‍. ജോസ് ഇരിമ്പനച്ചനാണ് ചെന്നൈ മിഷന്‍ കോഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നത്.പുല്ലൂര്‍ ഇടവകാംഗവും 2016 മുതല്‍ ഇരിങ്ങാലക്കുട രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസുമായ മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍ 1957 സെപ്റ്റംബര്‍ 1-ന് ഇരിങ്ങാലക്കുട രൂപതയിലെ പുല്ലൂര്‍ ഇടവകയിലാണ്  ജനിച്ചത്. മാതാപിതാക്കള്‍ പരേതനായ കെ.എസ്. ലോനപ്പനും റ്റി. എല്‍. സാറായും.  മരിയ, ആനി, ആന്റോ, സി. ജയ റോസ്, ജോജി എന്നിവര്‍ സഹോദരങ്ങളാണ്. വടക്കന്‍ചേരി, ഒല്ലൂര്‍, അവിട്ടത്തൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി സ്‌ക്കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്റ് തോമസ് കൊളേജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. തൃശ്ശൂര്‍ തോപ്പ് സെന്റ്മേരിസ് മൈനര്‍ സെമിനാരിയിലും  വടവാതൂര്‍ അപ്പസ്തോലിക് സെമിനാരിയിലുമായി  വൈദികപരിശീലനം നടത്തിയ ഫാ. പൊഴോലിപറമ്പില്‍  ഇരിങ്ങാലക്കുട രൂപതയ്ക്കുവേണ്ടി 1982 ഡിസംബര്‍ 22 ന് ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ആളൂര്‍ പള്ളിയില്‍ അസിസ്റ്റന്റ്വികാരി, ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി പ്രൊക്കുറേറ്റര്‍, കയ്പമംഗലം, ഈസ്റ്റ് ചെന്ത്രാപ്പിന്നി, ചേലൂര്‍, പടിയൂര്‍, മേലഡൂര്‍, പറപ്പൂക്കര ഫൊറോന, തൊട്ടിപ്പാള്‍, ഇരിങ്ങാലക്കുട കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ വികാരിയായും കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ്, കമ്മ്യൂണിക്കേഷന്‍ മീഡിയ, ബൈബിള്‍ അപ്പസ്തൊലേറ്റ്,  സ്പിരിച്ച്വാലിറ്റി സെന്റര്‍, ശാന്തി ഭവന്‍ എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും രൂപത പ്രൊക്കുറേറ്ററായും  ചെന്നൈ മിഷന്‍ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ആഞ്ചലിക്കും അക്കാഡമിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസെന്‍ഷ്യേറ്റ് ബിരുദം സമ്പാദിച്ചു. അദ്ദേഹം മലയാളം, ഇംഗ്ളീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, തമിഴ് ഭാഷകള്‍ സംസാരിക്കും.  ഇരിങ്ങാലക്കുട രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മോണ്‍. പൊഴോലിപ്പറമ്പിലിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. 
 
View Comments

Other Headlines