അറിവിനെ തിരിച്ചറിവാക്കുന്ന കലയാണ് സാഹിത്യം ; വൈശാഖന്‍ മാസ്റ്റര്‍
Published :18-Jun-2017
ഇരിങ്ങാലക്കുട:അറിവും ആശയവും ഭരിക്കുന്ന ലോകത്ത് അറിവിനെ തിരിച്ചറിവാക്കുന്ന കലയാണ് സാഹിത്യം എന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എഴുത്തുക്കൂട്ടം'  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാധിക സനോജിന്റെ 'മായ്ച്ചും വരച്ചും ' പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത് കൊണ്ടാണ് അദ്ദേഹം എഴുത്തുക്കൂട്ടം ഉദ്ഘാടനം ചെയ്തത്.ആദ്യപ്രതി പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ ഏറ്റുവാങ്ങി.സര്‍ഗ്ഗാത്മക ചെറുത്ത് നില്‍പ്പിന്റെ ഈ കാലഘട്ടത്തില്‍ മനുഷ്യനിലേക്കുള്ള പ്രകാശവഴിയാണ് സാഹിത്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുടക്കാരായ 56ല്‍പരം സാഹിത്യകാരന്‍മാരെ ചടങ്ങില്‍ വച്ച് പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ ആദരിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ അദ്ധ്യക്ഷയായിരുന്നു.വാര്‍ഡ് കൗണ്‍സിലര്‍ സോണിയഗിരി ആശംസകള്‍ അര്‍പ്പിച്ചു.ഖാദര്‍ പട്ടേപ്പാടം സ്വാഗതവും അരുണ്‍ ഗാന്ധിഗ്രാം നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്സിന്റെ 'ജലം ജീവാമൃതം' ഫ്ളാഷ് മോബ് ഞാറ്റുവേല മഹോത്സവ നഗരിയായ നൂറുകണക്കിനാളുകളെ ആകര്‍ഷിച്ചു.

ഞാറ്റുവേലമഹോത്സവം ഇന്നത്തെ(തിങ്കള്‍) പരിപാടികള്‍ 

രാവിലെ 9.30 ന് 'ഞാറ്റുവേലയും ജ്യോതിശാസ്ത്ര പ്രയോഗമേഖലകളും' സെമിനാര്‍ കേരള തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും.ഹരിതപുരസ്‌ക്കാര വിതരണവും ഫോട്ടോഗ്രാഫി,ഷോര്‍ട്ട് ഫിലിം അവാര്‍ഡ് സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിക്കും.10 മണിക്ക് പ്രകൃതി പാചകകളരിയും 11 മണിക്ക് സസ്യങ്ങളുടെ രോഗാവസ്ഥ കണ്ടുപിടിക്കുന്ന 'ഗ്രീന്‍  മെഡിക്കല്‍' ക്യാമ്പും,2 മണിക്ക് ചക്കഉത്പ്പന്ന നിര്‍മ്മാണ മത്സരവും, ഓലമെടയല്‍,ഓലപ്പന്ത്,പീപ്പി,ചൂല്‍ ,പാളത്തൊപ്പി നിര്‍മ്മാണ മത്സരവും 5 മണിക്ക് മിമികസ് ഹോളിഡേയ്സും അരങ്ങേറും.ചൊവ്വാഴ്ച നടക്കുന്ന കൃഷി പാഠശാലയിലും ജൈവവളക്കൂട്ടു നിര്‍മ്മാണത്തിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7736000405 എന്ന മ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 
View Comments

Other Headlines