വധശ്രമകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
Published :16-Jun-2017
ഇരിങ്ങാലക്കുട: വധശ്രമകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ സ്വദേശി നെടുംപുരയ്ക്കല്‍ വീട്ടില്‍ ഷെമീര്‍ (32)നെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് രാത്രി കരുവന്നൂരില്‍ വെച്ച് മൂര്‍ക്കനാട് സ്വദേശി ഉമ്മുവളപ്പില്‍ വീട്ടില്‍ ഷാഫിയെയാണ് ഇയാള്‍ ആക്രമിച്ചത്. തനിക്കെതിരെ പരാതി നല്‍കിയതിലുള്ള വിരോധമാണ് ഇതിന് കാരണം. ഷാഫിയെ തടഞ്ഞ് നിറുത്തി അസഭ്യം പറയുകയും കയ്യില്‍ കരുതിയിരുന്ന കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും വലതുകൈ തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നറിഞ്ഞ പ്രതി ഒല്‍വില്‍ പോകുകയായിരുന്നു.  ജില്ലയിലെ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഷെമീറെന്ന് പോലിസ് പറഞ്ഞു. നിരവധി കഞ്ചാവുകേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2011ല്‍ ചേര്‍പ്പ് പോലിസും 2016ല്‍ ഇരിങ്ങാലക്കുട പോലിസും രണ്ട് കിലോയിലധികം കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. ഈ കേസുകളില്‍ ഷെമീര്‍ ജയില്‍വാസം അനുവഭിച്ചിരുന്നു. നിരവധി കഞ്ചാവുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കഞ്ചാവ് ഷെമീറെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ സുശാന്ത് കെ.എസ്, സി.പി വിജു, മുരുകേഷ് കടവത്ത്, കെ.എ കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
 
View Comments

Other Headlines