ക്രൈസ്റ്റ് കോളേജിന്റെ ഗവേഷണ പദ്ധതിക്ക് ദേശീയ അംഗീകാരം
Published :15-Jun-2017
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം സമര്‍പ്പിച്ച ഗവേഷണ പദ്ധതിക്ക് ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പശ്ചിമഘട്ടത്തിലെ തേരട്ടകളുടെ വൈവിദ്ധ്യവും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തേയും കുറിച്ചുള്ള പഠന പദ്ധതിക്കാണ് അമ്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അനുവദിച്ചത്. മാനവശേഷി വികസന വകുപ്പിന്റെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തിയ ക്രൈസ്റ്റ് കോളേജിന് മറ്റൊരു നേട്ടമാണ് ഇത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ തേരട്ടകളെ കുറിച്ച് കാര്യമായ പഠനങ്ങള്‍ ഒന്നാം നടന്നിട്ടില്ല. ഈര്‍പ്പമുള്ള മണ്ണില്‍ കാണുന്ന അഴുകിയ വസ്തുക്കള്‍ മാത്രം ഭക്ഷിക്കുന്ന ഇവ മണ്ണിന്റെ വളക്കൂര്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. മഴക്കാലത്ത് മാത്രം പുറത്തുവരുന്ന ഇവ മഴയില്ലാത്തപ്പോള്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ വളരെയധികം ബാധിക്കുന്ന ഒരു ജീവി മാര്‍ഗ്ഗമാണ് തേരട്ടകള്‍ എന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സുധികുമാര്‍ എ.വി അഭിപ്രായപ്പെട്ടു. ലോകത്താകമാനം എണ്ണായിരത്തോളം ഇനം തേരട്ടകളും ഇന്ത്യയില്‍ മുന്നൂറോളം തേരട്ടകളും ആണ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. ലോക പ്രശസ്ത തേരട്ട ഗവേഷകരായ റഷ്യന്‍ സയന്‍സ് അക്കാദമിയിലെ ഡോ. സെര്‍ജി ഗോളോവാച്ച്, ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയിലെ ഡോ. തോമസ് വെസനര്‍, ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഡോ. ഹെന്‍ട്രിക് എന്‍ഗോഫ് എന്നിവരുടെ സഹായത്തോടെയാണ് പഠനങ്ങള്‍ നടത്തുന്നത്. പശ്ചിമഘട്ടത്തിലെ വിവിധ ആവാസവ്യവസ്ഥകളില്‍ കാണുന്ന തേരട്ടകളുടെ വൈവിധ്യവും കാലാവസ്ഥ വ്യതിയാനം അവയുടെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കുന്നുവെന്നതുമാണ് പ്രധാനമായും പഠനവിഷയമാക്കുന്നത്. ജൈവവവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തില്‍ വളരെയധികം പുതിയയിനം തേരട്ടകള്‍ ഉണ്ടാകുമെന്ന പ്രതിക്ഷയിലാണ് ശാസ്ത്രലോകം.
 
View Comments

Other Headlines