കാര്‍ഷിക ലോകം ഒരു കുടക്കീഴില്‍ : ഞാറ്റുവേല മഹോത്സവത്തിന്‌ നാളെ തിരി തെളിയും
Published :15-Jun-2017

ഇരിങ്ങാലക്കുട: നൂറ്റമ്പതില്‍ പരം നടീല്‍ വസ്‌തുക്കള്‍,കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം,കഫേ കുടുംബശ്രീ,ഗ്രീന്‍ പുല്ലൂര്‍ ജൈവ കലവറ,ചക്കയിലെ മാന്ത്രിക വിഭവങ്ങളുമായി വരിയും നിരയും തെറ്റിപ്പോയ കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു പിടിക്കാന്‍ വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത്‌ ഞാറ്റുവേല മഹോത്സവത്തിന്‌ വെള്ളിയാഴ്‌ച രാവിലെ 9.30 ന്‌ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ തിരിതെളിയും.ആനന്ദപുരം ഉദിമാനം കലാസംഘത്തിന്റെ നാടന്‍കലാമേളയോടെ ആരംഭിക്കുന്ന ഉദ്‌ഘാടന ചടങ്ങ്‌ കേരള സംസ്ഥാന കൃഷി വകുപ്പുമന്ത്രി അഡ്വ.വി.എസ്‌.സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും.പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.ടി.വി.ഇന്നസെന്റ്‌ എം.പി .മുഖ്യാതിഥി ആയിരിക്കും.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്യ ഷിജു,ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.എ മനോജ്‌കുമാര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാജി നക്കര ,കാത്തലിക്‌ സെന്റര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ശ്രീമതി ഇന്ദിര തിലകന്‍(വേളൂക്കര),മനോജ്‌ വലിയപറമ്പില്‍(കാട്ടൂര്‍),കെ.എസ്‌.ബാബു(കാറളം),കെ.സി.ബിജു.(പടിയൂര്‍),ശ്രീമതി സരള വിക്രമന്‍(മുരിയാട്‌),ശ്രീമതി സന്ധ്യ നൈസണ്‍(ആളൂര്‍),ശ്രീമതി വര്‍ഷ രാജേഷ്‌(പൂമംഗലം)എന്നിവരും ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീമതി കാതറീന്‍ പോള്‍,ശ്രീ.എന്‍.കെ.ഉദയപ്രകാശ്‌,ശ്രീ.ഇ.പി.ജനാര്‍ദ്ദനന്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ സോണിയ ഗിരി,പരിസ്ഥിതി പ്രവര്‍ത്തകരായ ഫാ.ജോയി പീണിക്കപ്പറമ്പില്‍ സി.എം.ഐ,പ്ലാവ്‌ ജയന്‍,ഗംഗാധരന്‍ കാവല്ലൂര്‍,സി.റോസ്‌ ആന്റോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ രണ്ടു മണിയ്‌ക്ക്‌ ചക്ക ഉത്‌പന്ന പരിശീലനവും വൈകീട്ട്‌ 5 മണിക്ക്‌ വയലാര്‍ സ്‌മൃതിയും ഉണ്ടായിരിക്കും.

ജൂണ്‍ 17 ശനിയാഴ്‌ച രാവിലെ 9.30 ന്‌ ഞാറ്റുവേല മത്സരങ്ങള്‍ക്ക്‌ ആരംഭം കുറിയ്‌ക്കും.അന്നേ ദിവസം പ്രസംഗമത്സരം,ചിത്രരചനാ മത്സരം ,കവിതാലാപനം എന്നിവ ഉണ്ടായിരിക്കും.ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ ചക്ക ഉത്‌പന്ന പരിശീലനവും വൈകീട്ട്‌ 5 ന്‌ ശ്രീ ബാബു കോടശ്ശേരി നയിക്കുന്ന കാവ്യഗാന സന്ധ്യയും ഉണ്ടായിരിക്കും.ജൂണ്‍18 ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ ചിത്രരചനാ മത്സരവും ഉച്ചതിരിഞ്ഞ്‌ 3.30 ന്‌ ഇരിങ്ങാലക്കുടയുടെ എഴുത്തുക്കൂട്ടം തുടര്‍ന്ന്‌ മ്യുസിക്‌ ഫ്യൂഷനും ഉണ്ടായിരിക്കും.ജൂണ്‍ 19 തിങ്കളാഴ്‌ച രാവിലെ ഞാറ്റുവേലയും ജ്യോതിശാസ്‌ത്രപ്രയോഗ മേഖലകളും എന്ന വിഷയത്തെ ആസ്‌പദമാക്കി രാവിലെ 9.30 ന്‌ സെമിനാര്‍ ഉണ്ടായിരിക്കും. അന്നേ ദിവസം തന്നെ രാവിലെ 10 ന്‌ പ്രകൃതി പാചകകളരിയും 11 ന്‌ ഗ്രീന്‍ മെഡിക്കല്‍ ക്യാമ്പും ഉച്ചതിരിഞ്ഞ്‌ 2 മണിക്ക്‌ കുടുംബശ്രീക്കാരുടെ പാളത്തൊപ്പി ,ഓലമെടയല്‍ ,ചൂലുനിര്‍മ്മാണം,ഓലപ്പന്ത്‌ ,ഓലപീപ്പി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും വൈകീട്ട്‌ 4 ന്‌ സുധീഷ്‌ അഞ്ചേരി ആന്റ്‌ ടീം നയിക്കുന്ന മിമിക്‌സ്‌ ഹോളിഡേയ്‌സും ഉണ്ടായിരിക്കും.ജൂണ്‍ 20 ചൊവ്വാഴ്‌ച രാവിലെ 10 ന്‌ കൃഷിപാഠശാല എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാര്‍ നടക്കും.ഉച്ചയ്‌ക്ക്‌ ശേഷം 2 മണിക്ക്‌ ഹരിതഭാവിയ്‌ക്കായി പുതുനാമ്പുകളും ,ജൈവവളക്കൂട്ടു നിര്‍മ്മാണവും വൈകീട്ട്‌ 4 ന്‌ കവിയരങ്ങും ഉണ്ടായിരിക്കും.ജൂണ്‍ 21 ബുധനാഴ്‌ച രാവിലെ 6.30 ന്‌ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്‌ നടത്തുന്ന യോഗാപ്രദര്‍ശനവും രാവിലെ 10 ന്‌ കുടുംബശ്രീ മേളയും അതേത്തുടര്‍ന്ന്‌ കുടുംബശ്രീ കലാമത്സരങ്ങളും ഉണ്ടായിരിക്കും.അന്നേ ദിവസം ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ഭക്ഷ്യസംസ്‌ക്കരണ പരിശീലനം ഉണ്ടായിരിക്കും.ജൂണ്‍ 22 വ്യാഴാഴ്‌ച ജലം ജീവാമൃതം എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാര്‍ ഉണ്ടായിരിക്കും.ഉച്ചതിരിഞ്ഞ്‌ 2 മണിക്ക്‌ മാലിന്യ സംസ്‌ക്കരണം പരിശീലന പരിപാടിയും വൈകീട്ട്‌ 4 മണിക്ക്‌ ഞാറ്റുവേല സംഗീത നിശയ്‌ക്ക്‌ ശേഷം വൈകീട്ട്‌ 7 മണിയോടു കൂടി ഞാറ്റുവേല മഹോത്സവത്തിന്‌ കൊടിയിറങ്ങും.

View Comments

Other Headlines