താലൂക്ക്തല ജനസമ്പര്‍ക്കപരിപാടി നാളെ (18-02-2017)
Published :17-Feb-2017
ഇരിങ്ങാലക്കുട.മുകുന്ദപുരം താലൂക്ക് തല ജനസമ്പര്‍ക്കപരിപാടി നാളെ രാവിലെ 10 മുതല്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ്ഹാളില്‍ വെച്ച് നടത്തും.വിവിധ വകുപ്പുകളുടെ താലൂക്ക്തല മേധാവികള്‍ പരിപാടിയില്‍ പങ്കെടുക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും സമര്‍പ്പിക്കാനും വേഗത്തില്‍ പരിഹാരം കണ്ടെത്താനുമുള്ള വേദിയായാണ് ജനസമ്പര്‍ക്ക പരിപാടി കരുതപ്പെടുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുള്‍പ്പടെ പങ്കെടുത്ത് ജില്ലാതലത്തില്‍ നടത്തപ്പെട്ട പരിപാടിയാണ് ഏറെ മാറ്റങ്ങളോടെ ഉദ്യോഗസ്ഥനേതൃത്വത്തില്‍ താലൂക്ക തലത്തില്‍ നടത്തപ്പെടുന്നത്.പരിപാടി നടത്തിപ്പിനായി അധികതുക ചെലവഴിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.  
പരിപാടിയുടെ പരിഗണനക്ക്  മുന്‍കൂറായി മുകുന്ദപുരം താലൂക്ക് കേന്ദ്രീകരിച്ച്  ലഭിച്ച 442 പരാതികളില്‍ 237 എണ്ണം തീര്‍പ്പായിട്ടുണ്ട്.റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട മിക്കവാറും പരാതികളില്‍ ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്.ഭൂരഹിതരുടെ അപേക്ഷകള്‍ തദ്ദേശസ്വയംഭരണവകുപ്പ് സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പരിപാടിയില്‍ സമര്‍പ്പിച്ച് പരിഹാരം കാണാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പാര്‍പ്പിട പദ്ധതിയാണ് ലൈഫ് പ്ലസ്.റേഷന്‍കാര്‍ഡ് തരം മാറ്റല്‍ അപേക്ഷകള്‍ പരിഗണനക്കെടുത്തിരുന്നില്ല.
മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ അതത് വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പതിനായിരം രൂപയില്‍ താഴെ തുക അനുവദിക്കേണ്ട അര്‍ഹതയുള്ള ചികിത്സാസഹായ അപേക്ഷകളില്‍ ജില്ലാ കളക്ടറുടെ നടപടിയായിട്ടുണ്ട്.അപേക്ഷകളിലെ നടപടി വിവരങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷാനമ്പര്‍ സഹിതം ഇ ഡിസ്ട്രിക്റ്റ് വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ തീര്‍പ്പായ അപേക്ഷകളിലെ നടപടിവിവരങ്ങള്‍ അപേക്ഷകര്‍ക്ക് അറിയാന്‍ കഴിയും. അക്ഷയ കേന്ദ്രങ്ങളിലെത്തിയും വിവരങ്ങള്‍ പരിശോധിക്കാം.
സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ട പതിനായിരം രൂപയിലധികം തുക സഹായമനുവദിക്കേണ്ട അപേക്ഷകളിലെയും ആശ്രിതനിയമനം പോലുള്ള നിയമന അപേക്ഷകളിലെയും തീരുമാനം വൈകാനാണ് സാധ്യത.
 
View Comments

Other Headlines