വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ബോധമുള്ളവരാകണം: മന്ത്രി സുനില്‍കുമാര്‍

593

കരൂപ്പടന്ന: വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ബോധമുള്ളവരാകണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.സി. ബാച്ച് കൂട്ടായ്മയായ മഷിത്തണ്ട് നടത്തിയ ‘ ഓര്‍മ്മകളുടെ ഒരു സായാഹ്നം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കുചിത ദേശീയ വാദം അപകടമാണെന്നും വിശാലമായ സാര്‍വ്വദേശീയ ബോധം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷത വഹിച്ച സി.എന്‍.ജയദേവന്‍ എം.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷ പ്രഖ്യാപനവും നടത്തി. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോഗോ പ്രകാശനം ഇന്നസെന്റ് എം.പി.നിര്‍വ്വഹിച്ചു.മുതിര്‍ന്ന അധ്യാപകരെ മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ആദരിച്ചു. ചലച്ചിത്ര സംവിധായകന്‍ പി.ജി.പ്രേംലാല്‍ സ്‌കൂളിനെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ഓര്‍മ്മപ്പച്ച’ മ്യൂസിക് വീഡിയോ പരിചയപ്പെടുത്തി.പ്രമുഖ ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍ വീഡിയോ പ്രകാശനം ചെയ്തു.ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തി.
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അടക്കമുള്ള പ്രമുഖര്‍ സംസാരിച്ചു.ആശാ പ്രേംചന്ദ്രന്‍ നയിച്ച ഗാനമേളയും സതീഷ് കലാഭവന്‍ അവതരിപ്പിച്ച കലാഭവന്‍ മണിയുടെ പാട്ടുകളും ഉണ്ടായി.സംഘാടക സമിതി ചെയര്‍മാന്‍ എം.രാജേഷ് സ്വാഗതവും ശിവന്‍ തൊഴുത്തും പറമ്പില്‍ നന്ദിയും പറഞ്ഞു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും പി. ടി.എ യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ മുന്നൊരുക്കമായാണ് മഷിത്തണ്ട് ഈ പരിപാടി നടത്തിയത്.

 

Advertisement