പുല്ലൂര്‍: അപകട ഭീഷണിയുയര്‍ത്തുന്ന തുറവന്‍ക്കാട് മുടിച്ചിറയ്ക്ക് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പതിമൂന്നാം വാര്‍ഡ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.ഒന്നരയേക്കറോളം വരുന്ന മുടിച്ചിറയുടെ റോഡരികില്‍ വരുന്ന ഭാഗം സംരക്ഷണ ഭിത്തിയില്ലാതെ തുറന്ന് കിടക്കുന്നതുമൂലം അപകടസാധ്യത കൂടുതലാണെന്നും വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ ദിനം പ്രതി യാത്ര ചെയ്യുന്ന റോഡിനരികിലാണ് ഈ ചിറയെന്നും വലിയ വാഹനങ്ങളടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നതെന്നും കോണ്‍ഗ്രസ് പതിമൂന്നാം വാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി ഈ ചിറകെട്ടി സംരക്ഷിച്ച് ശുദ്ധീകരിക്കുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി ജലസേചന വകുപ്പില്‍ നിന്നും ഒന്നര കോടി രൂപ അനുവദിച്ചിരുന്നതായും ഇതോടൊപ്പം മറ്റു പഞ്ചായത്തുകളില്‍ അനുവദിച്ച കുളങ്ങള്‍ നവീകരിച്ചെങ്കിലും മുരിയാട് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം പ്രവര്‍ത്തി നടക്കാതെ പോയെന്നും വാര്‍ഡ് കമ്മിറ്റി കുറ്റപ്പെടുത്തി.
ചിറ വൃത്തിയാക്കി ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണമെന്നും സംരക്ഷണഭിത്തി കെട്ടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.
സമര പരിപാടികള്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് കെ.കെ.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി വര്‍ഗീസ് കൂനന്‍, കെ.എസ്.മുരളി, ഡേവിഡ് കൂനന്‍, കെ. ഡി. ഷാജു, സി.വി. ജോയി, പൗലോസ് ചേര്യേക്കര, പി.എ.യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here