ഇരിങ്ങാലക്കുട: 2014 ലോകസഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ വീരഗാഥകള്‍ പാടി നടന്നവര്‍ ഇപ്പോള്‍ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് ഇകഴ്ത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സഃ സത്യന്‍ മൊകേരി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ ഒരു വാഗ്ദാനം പോലും നടപ്പിലാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ മാത്രം നടപ്പിലാക്കുന്ന മോദി, പ്രധാനമന്ത്രിയില്‍ നിന്ന് സെയില്‍സ്മാനിലേക്ക് മാറി കഴിഞ്ഞു. മോദിയുടെ വിദേശ യാത്രകള്‍ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപെടുത്തുന്നതിനല്ല മറിച്ച്, മുതലാളിമാരുടെ കച്ചവട കരാറുകള്‍ ഉറപ്പിക്കുന്നതിനാണെന്ന് രാജ്യം തിരിച്ചറിഞ്ഞു. സി.പി.ഐ യുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട മണ്ഡലം കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സഃ പി.മണി ക്യാപ്റ്റനും, സഃ അനിതാ രാധാകൃഷ്ണന്‍ വൈസ് ക്യാപ്റ്റനും, സഃഎന്‍.കെ ഉദയപ്രകാശ് ഡയറക്ടറും ആയുള്ള ജാഥ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ പര്യടനം നടത്തും. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സഃകെ.വി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, സഖാക്കള്‍ കെ.ശ്രീകുമാര്‍, ടി.കെ സുധീഷ് എന്നിവര്‍ സംസാരിച്ചു. സഃ കെ.സി ബിജു സ്വാഗതവും സഃകെ.എസ് രാധാകൃഷ്ണന്‍ നന്ദിയും രേഖപെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here