ഇരിങ്ങാലക്കുട : വെള്ളപ്പൊക്കക്കെടുതിയില്‍ മാറ്റിത്താമസിപ്പിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് അടിയന്തിരമായി ഭക്ഷണം, വൈദ്യസഹായം എന്നിവ ലഭ്യമാക്കണമെന്ന് വിവിധ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ.നിര്‍ദ്ദേശം നല്‍കി.ഭക്ഷണം പാകം ചെയ്യുന്നതിന് പാചക വാതക സിലിണ്ടറുകള്‍ അടിയന്തിരമായി ലഭ്യമാക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു.ഇരിങ്ങാലക്കുട നഗരസഭയില്‍ പുതിയതായി രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്.പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും,ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പുകളിലെത്തി വൈദ്യ പരിശോധന നടത്തി രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കിത്തുടങ്ങി.ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ ഒരു ഷട്ടര്‍ ചങ്ങല പൊട്ടി ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യം നാട്ടുകാര്‍ ശ്രദ്ധയില്‍പെടുത്തി.കൂടാതെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായി മരത്തടികളും,വാഴകളും അടിഞ്ഞ കൂടിയത് നീക്കം ചെയ്യാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം ലഭ്യമാക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. മാപ്രാണം സെന്റ് സേവിയേഴ്‌സ് എല്‍.പി.സ്‌കൂള്‍, മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍, കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ അടിയന്തിര ഭക്ഷ്യവസ്തുക്കള്‍ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്.സുബിന്ത്,അരുണ്‍,കെ.സി.പ്രേമരാജന്‍, എം.ബി.രാജു, റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും എം.എല്‍.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here