ഇരിങ്ങാലക്കുട > വാഹനാപകടത്തില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട തങ്ങളുടെ ചങ്ങാതിക്ക് സാന്ത്വനവുമായി മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത അവര്‍ എത്തി. സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം കഴിക്കാട്ടുകോണം സ്വദേശി കാരക്കട ഗോപാലകൃഷ്ണന് അസീര്‍ പ്രവാസി സംഘം സ്വരൂപിച്ച 5 ലക്ഷം രൂപയുടെ ചികിത്സാ സഹായവുമായി സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളുമായ വയനാട് മേപ്പാടി സ്വദേശി മന്‍സൂറും, ആലുവ സ്വദേശിയായ അബ്ദുള്‍ റസാഖും ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി. പ്രൊഫ.കെ.യു. അരുണന്‍ MLA യും, അസീര്‍ പ്രവാസി സംഘം രക്ഷാധികാരി മന്‍സൂര്‍ മേപ്പാടിയും ചേര്‍ന്ന് തുക കൈമാറി. എട്ട് മാസം മുമ്പ് സഹപ്രവര്‍ത്തകരോടൊപ്പം സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ സഹപ്രവര്‍ത്തകരോടൊപ്പം കാറില്‍ ജോലി സ്ഥലത്തേക്ക് പോകുന്ന വഴി പുറകില്‍ നിന്നും അതിവേഗതയില്‍ വന്ന മിനി പിക് അപ്പ് വാന്‍ ഇവര്‍ സഞ്ചരിക്കുന്ന കാറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണന് മൂന്നാഴ്ച കഴിഞ്ഞാണ് ഓര്‍മ്മ തിരിച്ചു കിട്ടിയത്.ഇതിനിടെ അസീര്‍ ജനറല്‍ ഹോസ്പിറ്റലില്‍ നിരവധി ശസ്തക്രിയകള്‍ക്ക് വിധേയനായ ഗോപാലകൃഷ്ണന് പക്ഷേ ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നു.അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകരാണ് ആറ് മാസക്കാലം ആശുപത്രിയില്‍ ഗോപാലകൃഷ്ണനെ പരിചരിച്ചത്. പരിക്കുകള്‍ ഏറെക്കുറെ ഭേദപ്പെട്ട് സംസാരശേഷി വീണ്ടു കിട്ടിയ ഇദ്ദേഹത്തെ തുടര്‍ ചികിത്സക്കും, ഫിസിയോ തെറാപ്പി ചെയ്യുന്നതിനുമായി ആറ് ലക്ഷം രൂപ ചിലവഴിച്ച് ഇവര്‍ ഒരു നഴ്‌സിനോടൊപ്പം നോ പാലകൃഷ്ണനെ വിമാനത്തില്‍ പ്രത്യേകം സ്‌ട്രെച്ചര്‍ ഘടിപ്പിച്ച് നാട്ടിലെത്തിക്കുകയായിരുന്നു. കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത ഇദ്ദേഹത്തിന്റെ നാട്ടിലെ തുടര്‍ ചികിത്സക്ക് പണം സ്വരൂപിച്ചാണ് ഈ പ്രവാസി സുഹൃത്തുക്കളെത്തിയത്.ഭാര്യ രജനി, മകള്‍ അനിത, മകന്‍ അജയ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഇനിയുള്ളഅഗ്രഹം ഗോപാലകൃഷ്ണന് സ്വയം എഴുന്നേറ്റ് ഇരിക്കാനെങ്കിലും കഴിയണമെന്നതാണ് . അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകന്‍ അബ്ദുള്‍ റസാഖ് ആലുവ, പോള്‍ ബെന്നി, കേരള പ്രവാസി സംഘം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗം പ്രഭാകരന്‍ വടാശ്ശേരി, ഇരിങ്ങാലക്കുട ഏരിയാ പ്രസിഡണ്ട് ജോജി കണ്ണാംകുളം, എം.ബി.രാജു മാസ്റ്റര്‍, പ്രകാശന്‍ കണ്ണോളി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here