ഇരിങ്ങാലക്കുട:ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ ഒക്ടോബര്‍ 13 ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും .ഇന്ത്യന്‍ സമയം ഉച്ചക്ക് 1 :30 നു നടക്കുന്ന ശുശ്രുഷയില്‍ മാര്‍പ്പാപ്പ വിശുദ്ധ പ്രഖ്യാപനം നിര്‍വഹിക്കും .വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മ്മികനാകും .റോമില്‍ വിശുദ്ധ പ്രഖ്യാപനത്തിന് മുന്നോടിയായി മരിയ മെജോറ ബസിലിക്കയില്‍ ഒരുക്ക ശുശ്രൂഷ നടന്നു .വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ചു മുഖ്യ കാര്‍മ്മികനായി .തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് എന്നിവര്‍ സഹകാര്‍മ്മികരായി .ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഭവ്യ ,ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ലേഖനം വായിച്ചു .കാറോ സൂസ പ്രാര്‍ത്ഥന മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് ,ഇറ്റാലിയന്‍ ,ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ചൊല്ലി .മുന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ പ്രസന്ന തട്ടില്‍ ,സിസ്റ്റര്‍ രഞ്ജന ,സിസ്റ്റര്‍ ഒലിവ് ജയിന്‍ ,ജര്‍മനിയിലെ മേയര്‍ മാര്‍ഗരറ്റ് റിറ്റര്‍ തുടങ്ങിയവരാണ് ഇത് നിര്‍വഹിച്ചത് .ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഡോ ക്ലമന്റ് ചിറയത്ത് ,മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ എന്നിവര്‍ നേതൃത്വം നല്‍കി .റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ 14 ന് രാവിലെ പത്തരക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും .പുണ്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കേരളത്തില്‍ നിന്ന് നാനൂറിലേറെ പേരടങ്ങിയ സംഘം റോമിലേക്ക് യാത്രയായി .എം .പി മാരായ ടി .എന്‍ പ്രതാപന്‍ ,ബെന്നി ബഹനാന്‍ എന്നിവരും ,ജസ്റ്റിസ് കുര്യന്‍ ജോസഫ് ,മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അത്ഭുത രോഗശാന്തി നേടിയ ക്രിസ്റ്റഫര്‍ ജോഷി എന്ന ബാലനും കുടുംബവും ,ക്രിസ്റ്റഫറിനെ ചികില്‍സിച്ച അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ ശ്രീനിവാസന്‍ തുടങ്ങിയവരും റോമിലേക്ക് തിരിച്ചിട്ടുണ്ട് .വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറിയം ത്രേസ്യ ഉള്‍പ്പടെ അഞ്ചു പേരുടെ വലിയ ഛായ ചിത്രങ്ങള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സ്ഥാപിച്ചു .ചത്വരത്തില്‍ ബലിവേദിയും ഇരിപ്പിടങ്ങളും സജ്ജമാക്കും .നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ .ബെനഡിക്ട് വടക്കേക്കര തിരുശേഷിപ്പായി മറിയം ത്രേസ്യയുടെ അസ്ഥി സെന്റ് പീറ്റേഴ്സിലെ വിശുദ്ധ പദവി പ്രഖ്യാപന കാര്യാലയത്തില്‍ സമര്‍പ്പിച്ചു .

 

LEAVE A REPLY

Please enter your comment!
Please enter your name here