വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപത ആഘോഷം ജൂലൈ 7 ഞായറാഴ്ച

265

ഇരിങ്ങാലക്കുട : കാലഘട്ടത്തിന്റെ പ്രവാചികയും പഞ്ചക്ഷതധാരിയും കുടുംബങ്ങളുടെ പ്രേഷിതയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്നതിനും ജൂലൈ 7 ഞായറാഴ്ച ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും പ്രത്യേകമായി കൃതജ്ഞതാബലി അര്‍പ്പിക്കണമെന്നും സന്ദേശം നല്‍കണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. അന്നുതന്നെ രാവിലെ 9 മണിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ സിസ്റ്റര്‍ മറിയം ത്രേസ്യ കബറടക്കം ചെയ്യപ്പെട്ടിരിക്കുന്ന കുഴിക്കാട്ടുശ്ശേരിയിലെ തിരുകുടുംബ മഠം കപ്പേളയില്‍ വിശുദ്ധ ബലിയും പ്രത്യക പ്രാര്‍ത്ഥനകളും സംഘടിപ്പിക്കുന്നതാണ്. രൂപതയിലെ വൈദികരും സന്യാസിനി സന്യാസികളും ഇടവകകളില്‍ നിന്നുള്ള അത്മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ബിഷപ് അറിയിച്ചു. 2019 ഒക്ടോബറില്‍ വിപുലമായ തരത്തില്‍ നന്ദി പ്രകാശന പരിപാടികള്‍ രൂപതാ തലത്തില്‍ സംഘടിപ്പിക്കുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഇരിങ്ങാലക്കുട രൂപതയ്ക്ക് മാത്രം സ്വന്തമായ മറിയം ത്രേസ്യയുടെ, 2019 ഒക്ടോബര്‍ 13 ഞായറാഴ്ച നടക്കുന്ന വിശുദ്ധ പദവി പ്രഖ്യാപനത്തിന് പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ് തിരുകുടുംബ സന്യാസിനി സമൂഹത്തിലെ നൂറുകണക്കിനു അംഗങ്ങളും സീറോമലബാര്‍ സഭയിലെ ആയിരക്കണക്കിന് വിശ്വാസികളും. ആഗോള കത്തോലിക്കാ സഭയ്ക്ക് കേരളം നല്‍കുന്ന നാലാമത്തെ വിശുദ്ധയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. 1876 ഏപ്രില്‍ 26 ന് ജനിച്ച് 1926 ജൂണ്‍ 8 ന് മരണമടഞ്ഞ സിസ്റ്റര്‍ മറിയം ത്രേസ്യ 2000 ഏപ്രില്‍ 9 നാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.

 

Advertisement