മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയം തിരുനാളിനൊരുങ്ങുന്നു

391

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായ മാപ്രാണം പള്ളിയില്‍ ഈ നാടിന്റെ മഹോത്‌സവമായ കുരിശുമുത്തപ്പന്റെ തിരുനാള്‍ (കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍) സെപ്തംബര്‍ 13,14,15, തിയ്യതികളില്‍ ആഘോഷിക്കുന്നു. സാര്‍വ്വത്രികസഭ സെപ്തംബര്‍ 14 ന് തന്നെയാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. കാല്‍വരിയില്‍ ഈശോനാഥന്റെ തിരുരക്തത്താല്‍ മുദ്രിതമായ മരക്കുരിശില്‍ നിന്നുള്ള ഒരു ഭാഗം കുരിശിന്റെ രൂപത്തില്‍ തിരുശേഷിപ്പായി പ്രതിഷ്ഠിച്ചിട്ടുള്ള അപൂര്‍വ്വം ദൈവാലയങ്ങളില്‍ ഒന്നാണ് വി.കുരിശിന്റെ ഈ തീര്‍ത്ഥാടന കേന്ദ്രം. സെപ്തംബര്‍ 14 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 10 മണിക്ക് സീറോ മലബാര്‍സഭ കുരിയ ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്റെ പ്രദാന കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിക്കുശേഷം വൈകീട്ട് 4 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണാനന്തരം 7 മണിക്ക് ഈ തിരുശേഷിപ്പ് തൊട്ട് ചുംബിക്കാന്‍ വിശ്വാസികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ 13 ന് വൈകീട്ട് 5 മണിക്ക് കുരിശിന്റെ കപ്പേളയില്‍ വച്ച് (സെന്റ് ജോണ്‍ കപ്പേള) പ്രസിദ്ധമായ തിരിതെളിക്കല്‍ ചടങ്ങ് നടക്കും. കുരിശുമുത്തപ്പനുള്ള പ്രതിനന്ദിയായി വിവിധ മതസ്ഥരായ നൂറ്ക്കണക്കിന് വിശ്വാസികള്‍ അവരവരുടെ തൂക്കത്തിനുള്ള തിരികള്‍ തെളിയിക്കുന്ന ഈ ചടങ്ങ് മറ്റൊരിടത്തുമില്ലാത്ത വഴിപാട് സമര്‍പ്പണമാണ്. വഴിപാട് തിരികള്‍ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ഗ്ഗിന്റെ തിരിനിര്‍മ്മാണ യൂണിറ്റില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. തിരിതെളിയിക്കലിനു ശേഷം 8 മണിക്ക് ഉണ്ണിമിശിഹാകപ്പേളയില്‍ നിന്നും ആരംഭിക്കുന്ന പുഷ്പകുരിശ് എഴുന്നെള്ളിപ്പും സമാനതകളില്ലാത്ത ഒരു ആഘോഷമാണ്. ഫാ.ജോസ് അരിക്കാട്ട് (റെക്ടര്‍& വികാരി) , ഫാ.സാസംസണ്‍ എലുവത്തിങ്കല്‍ (അസി.വികാരി), ട്രസ്റ്റിമാരായ ഷാന്റോ പള്ളിത്തറ, ജെയിംസ് നെല്ലിശ്ശേരി, സൈമണ്‍ ചാക്കോര്യ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ആന്റണി കള്ളാപ്പറമ്പില്‍ (പബ്ലിസിറ്റി), സിജു തൊമ്മാന (പുഷ്പകുരിശ്), ജോയ്‌സണ്‍ കള്ളാപ്പറമ്പില്‍ (തിരിതെളിയിക്കല്‍), ജോസ് കുടലി (നേര്‍ച്ച ഊട്ട), സി.ഫോന്‍സി (ലിറ്റര്‍ജി), വര്‍ഗ്ഗീസ് കുറ്റിക്കാടന്‍(വളണ്ടിയര്‍), ജോഷി കൂനന്‍(റിസപ്ഷന്‍), എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളും തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. എട്ടാമിടാഘോഷിക്കുന്ന 21 -ാം തിയ്യതി ശനിയാഴ്ച രാവിലെ 9.00 മണിക്ക് ദിവ്യബലിയും കുരിശുമുത്തപ്പന്റെ നേര്‍ച്ച ഊട്ടും ഉണ്ടായിരിക്കും.

 

Advertisement