ഇരിങ്ങാലക്കുട:വിഖ്യാത ചരിത്രകാരന്‍ മനു എസ് പിള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ എത്തുന്നു. സെന്റ് ജോസഫ്സ് കോളേജിലെ ബിവോക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന സംവാദത്തില്‍ പങ്കെടുക്കുന്നതിനും ഒപ്പം യുജിസി ബിവോക് സ്‌കീമിന്റെ ഭാഗമായി നിര്‍മ്മിച്ച മാനുസ്‌ക്രിപ്റ്റ് റിസര്‍ച്ച് & പ്രിസര്‍വേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനുമാണ് അദ്ദേഹം എത്തിച്ചേരുന്നത്.19 വയസ്സില്‍ എഴുതിത്തുടങ്ങി, 6 വര്ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഐവറി ത്രോണ്‍ എന്ന ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവാണ് ശ്രീ മനു എസ് പിള്ള. തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിഗൂഢമായ ചരിത്രം പറഞ്ഞുകൊണ്ട് മനു ചരിത്രത്തിന് ശാസ്ത്രീയതയുടെആധികാരികത നല്‍കുന്നു. ഊഹാപോഹങ്ങളുടെ പുകമറയ്ക്കുള്ളില്‍ നിന്നും ചരിത്രത്തെ മോചിപ്പിച്ചെടുക്കുന്നു.പുതുചിന്തകളുടെ വസന്തത്തില്‍ മനുവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്, കോളമിസ്റ്റും യുജിസി എഡ്യുക്കേഷന്‍ ഓഫീസറുമായ ഡോ. എസ്. സലില്‍ ആണ്. ഒക്ടോബര്‍ 14 ന് രണ്ടുമണിയ്ക്ക് കോളേജിലെ ഗോള്‍ഡന്‍ ജൂബിലി റിസര്‍ച്ച് ഹാളില്‍ സംവാദം നടക്കും. തുടര്‍ന്ന് യുജിസി ബിവോക് സ്‌കീമിന്റെ ഭാഗമായുള്ള മാനുസ്‌ക്രിപ്റ്റ് റിസര്‍ച്ച് & പ്രിസര്‍വേഷന്‍ സെന്റര്‍ ഇരുവരും ചേര്‍ന്ന് താളിയോലയില്‍ നാരായം കൊണ്ടെഴുതി ഡിജിറ്റലൈസ് ചെയ്ത് ഉദ്ഘാടനം ചെയ്യും. പ്രളയത്തില്‍ നശിച്ച നിരവധി നനഞ്ഞ രേഖകള്‍ സംരക്ഷിച്ചു നല്‍കിയിട്ടുണ്ട് ഈ സെന്റര്‍. പുരാരേഖകളും താളിയോലകളും ശാസ്ത്രീയമായി സംരക്ഷിച്ചു തിരികെ നല്‍കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനമാണിത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here