മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു.  പക്ഷേ വര്‍ഷത്തിലൊരിക്കല്‍ പൂക്കുകയും കായ്ക്കുകയും വീണ്ടും തളിരിടുകയും ചെയ്യുന്ന അവരുടെ ഒര്‍മ്മകള്‍ക്ക് കാലം ചെല്ലും തോറും സുഗന്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എഴുത്തുകാരന്റെ സത്യസന്ധ്യത, ആത്മാര്‍ത്ഥത എപ്രകാരമായിരിക്കണമെന്ന് മാധവിക്കുട്ടിയുടെ സൃഷ്ടികേളാരോന്നും സാക്ഷ്യപ്പെടുത്തുന്നു.  അതി പ്രശസ്തമായ നാലപ്പാട്ട് ബാലാമണിയമ്മയുടെ മകളായി പിറന്നിട്ടും എന്നും ഏകാന്തതയുടെ കൂട്ടുക്കാരിയായിരുന്നു താനെന്ന് ‘എന്റെ കഥ'(ആത്മകഥ) വ്യക്തമാക്കുന്നു.  നിരന്തരമായ വായനാനുഭവത്തിലൂടെ സ്വായത്തമാക്കിയ അനുഭവ പ്രപഞ്ചമാണ് തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയതെന്ന് അവര്‍ ഓര്‍മ്മിക്കുന്നു.  സമകാലീന സമൂഹത്തിലെ അല്‍പത്തങ്ങളും ഞാനെന്നഭാവങ്ങളും സര്‍വ്വോപരി സ്വാര്‍ത്ഥത രൂപപ്പെടുത്തിയ മാനുഷിക ഭാവങ്ങളും തുറന്നു കാട്ടാന്‍ മാധവിക്കുട്ടി ഒരിക്കലും മടി കാണിച്ചില്ല.
 നൈമിഷികമായ മനുഷ്യജീവിതം നിസ്സാരതകള്‍ക്കായ് നീക്കിവെക്കാതെ പൂര്‍ണ്ണമായി സാര്‍ത്ഥകമാക്കി, സമൂഹത്തില്‍ മാര്‍ഗ്ഗ ദര്‍ശനമേകുകയാണ് മാധവിക്കുട്ടിയുടെ കഥാപാത്രങ്ങളോരോന്നും, മുഖം മൂടികള്‍ പിച്ചിച്ചീന്തുമ്പോള്‍ പച്ചയായ മനുഷ്യ ജീവിതം പുനര്‍ജ്ജനികുന്നത് അനുവായകര്‍ അനുഭവിച്ചറിയുന്നു.  വിവര്‍ണ്ണങ്ങളില്‍ അത്യധികം ആകാംഷ പുലര്‍ത്തിയിരുന്ന അന്നത്തെ ചെറുകഥാ പ്രസ്ഥാനത്തെ അനുഭവങ്ങളുടെ ആകത്തുകയിലേക്ക് ആകര്‍ഷിച്ച്, അതീന്ദ്രിയമായ അനുകൃതികള്‍ പകര്‍ന്നു നല്‍കി, കവിതയോടടുപ്പിച്ച ആ അനുപമശൈലി വായനക്കാരനു പുതിയ ആകാശങ്ങളും പുതിയ ഭൂമികളും പകര്‍ന്നു  നല്‍കി. ആത്മാവില്‍ പ്രകമ്പനം കൊള്ളിച്ച ആ ശൈലിയും അനുഭവ കഥാ കഥനവും മലയാളിക്കു അന്നേവരെ അന്യമായിരുന്നു. ആലോചനാമൃതമായ മനുഷ്യമനസ്സിലൂടെ മുങ്ങാം കുളിയിട്ട് അഗാധതയിലെ മുത്തും ചിപ്പിയും വാരിയെടുത്തതിനോടൊപ്പം ചപ്പും ചവറും അല്പ്പാല്പ്പം പറ്റിപ്പിടിച്ച കഥാപാത്രങ്ങളെയും മായം ചേര്‍ക്കാതെ മലയാളികള്‍ക്കായ് സമര്‍പ്പിച്ചു എന്നതാണ് മാധവിക്കുട്ടിയുടെ മഹത്തായ സംഭാവന.
 പക്ഷിയുടെ മണം,  ചതുപ്പ് നിലങ്ങള്‍ തുടങ്ങിയ ആദ്യകാല കഥ സമാഹാരങ്ങളിലൂടെ തന്നെ ചെറു കഥ പ്രസ്ഥാനത്തിന് പുതിയ മജ്ജയും മാംസവും പകര്‍ന്നു നല്‍കാനായ ഈ എഴുത്തുകാരിയുടെ സ്ഥാനം മലയാളസാഹിത്യത്തില്‍ മുന്‍പന്തിയില്‍ത്തന്നെയണ്.  സ്ത്രീ പുരുഷന്റെ ഉപഭോഗ വസ്തു മാത്രമല്ലെന്നും അവള്‍ക്കും ആര്‍ജ്ജവത്തോടെ സുന്ദരമായ പുതുലോകം കെട്ടിപ്പടുത്ത് സമൂഹത്തെ നയിക്കാനാവുമെന്നും തെളിയിച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ച ഈ എഴുത്തുകാരിയെ സ്ത്രീ സമൂഹം പോലും വേണ്ടത്ര മനസ്സിലാക്കിയില്ലെന്ന കുറ്റ ബോധം സമൂഹത്തെ എക്കാലവും അലട്ടാതിരിക്കയില്ല.
 Image result for unnikrishnan kizhuthaniഉണ്ണികൃഷ്ണന്‍ കിഴുത്താനി

LEAVE A REPLY

Please enter your comment!
Please enter your name here