ഇരിങ്ങാലക്കുട: സര്‍വീസുകള്‍ വേണ്ടെന്നു വച്ചും വെട്ടിച്ചുരുക്കിയുമുള്ള ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ നാശോന്മുഖമായ പ്രവര്‍ത്തന രീതികള്‍ക്കെതിരെ മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്‍ മന്ത്രി ഏ.കെ.ശശീന്ദ്രന് നിവേദനം നല്‍കി. സബ് ഡിപ്പോയായ ഇതിനെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് രണ്ടര വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന എടിഒ തസ്തിക നികത്താത്. ദീര്‍ഘദൂര സര്‍വീസുകള്‍ പലതും ഒഴിവാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. നിരവധി യാത്രക്കാര്‍ക്ക് ആശ്രയമായിരുന്ന പാലക്കാട് സര്‍വീസ് നിര്‍ത്തലാക്കിയത് കഴിഞ്ഞയാഴ്ച്ചയാണ്. താന്‍ എം എല്‍ എ യായിരുന്ന കാലത്ത് എംഎല്‍എ ഫണ്ടും ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഓപ്പറേറ്റിങ് സെന്ററായിരുന്ന ഇതിനെ സബ് ഡിപ്പോയാക്കി ഉയര്‍ത്തിയതും ഏ ടി ഒ യെ നിയമിച്ചതും നിരവധി പുതിയ സര്‍വീസുകള്‍ ആരംഭിച്ചതും. ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറന്‍ മേഖലയുടെ വികസനത്തിനും ഇവിടെ കെഎസ്ആര്‍ടിസിയുടെ വികസനം അത്യാവശ്യമാണെന്നും ഉണ്ണിയാടന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതായി ഉണ്ണിയാടന്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here