കൂടല്‍മാണിക്യം ഉത്സവത്തിന് ഇത്തവണ ഒരുക്കിയിരുക്കുന്നത് എന്തെല്ലാമെന്നറിയേണ്ടേ..

2249

പുല്‍ക്കൊടികള്‍ക്കു പോലും ആവേശമുണര്‍ത്തുന്ന ഇരിങ്ങാലക്കുട ഉത്സവത്തിന്റെ
വാദ്യപ്പെരുമയുടെ പൂര്‍വ്വകാലഗരിമയെ പുനരാനയിക്കുക എന്ന ദൃഢനിശ്ചയത്താല്‍ , കൃതഹസ്തരായ വാദ്യപ്രമാണിമാരെയും അനുയോജ്യരായ സഹവാദകരെയും സമഞ്ജസമായി സംയോജിപ്പിച്ചുകൊണ്ടാണ് മേള – പഞ്ചവാദ്യങ്ങളെ ഇക്കുറി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അഭിജാതകലാപാരമ്പര്യത്തിന്റെ നിറദീപങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, ശ്രീ കിഴക്കൂട്ട് അനിയന്‍ മാരാര്‍, ശ്രീ പെരുവനം സതീശന്‍ മാരാര്‍, ശ്രീ ചേറുശ്ശേരി കുട്ടന്‍മാരാര്‍, ശ്രീ പെരുവനം പ്രകാശന്‍ മാരാര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പഞ്ചാരിമേളങ്ങള്‍ക്ക് പ്രമാണം നിര്‍വ്വഹിക്കുന്നു.15 വീതം ഉരുട്ടു ചെണ്ടകള്‍, കുറുങ്കുഴലുകള്‍, കൊമ്പുകള്‍
45 ല്‍ കുറയാത്ത വലംതലകള്‍, 30 ല്‍ കുറയാത്ത ഇലത്താളങ്ങള്‍ എന്നിങ്ങനെ 120 ല്‍ പരം അതിനിപുണരായ കലാകാരന്‍മാരാണ് പഞ്ചാരിമേളത്തിനണിനിരക്കുന്നത് .പഞ്ചവാദ്യമര്‍മ്മജ്ഞനായ ശ്രീ ചോറ്റാനിക്കര വിജയന്‍ മാരാരുടെ നേതൃത്വത്തില്‍
13 വീതം തിമിലകള്‍, കൊമ്പുകള്‍, ഇലത്താളങ്ങള്‍
9 മദ്ദളങ്ങള്‍ 2 ഇടയ്ക്കകള്‍ എന്നിങ്ങനെ ശേഷികൊണ്ടും ശേമുഷി കൊണ്ടും സമ്പന്നരായ 50 കലാകാരന്‍മാര്‍ പഞ്ചവാദ്യത്തില്‍ അണിനിരക്കുന്നു.യുവത്വത്തിന്റെ പ്രസരിപ്പും ഭാവനാപൂര്‍ണ്ണമായ പ്രയോഗവൈഭവധാരാളിത്തവുമുള്ള മട്ടന്നൂര്‍ ശ്രീകാന്ത് മട്ടന്നൂര്‍ശ്രീരാജ് എന്നീ മിടുമിടുക്കന്‍മാരാണ് തായമ്പക അരങ്ങിനെ നിറവണിയിക്കുന്നത്.ലോകനിലവാരത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ വിവിധനൃത്തരൂപങ്ങള്‍, ഏഴു രാവുകളിലായി 165 ല്‍പ്പരം വിദഗ്ദ്ധകലാകാരന്‍മാര്‍ പങ്കെടുക്കുന്ന കഥകളികള്‍ ,അഭിനയകേദാരമായ കൂടിയാട്ടം,
പ്രതിഭാധനന്‍മാര്‍ അരങ്ങുണര്‍ത്തുന്ന കര്‍ണ്ണാട്ടിക് – ഹിന്ദുസ്ഥാനി സംഗീതക്കച്ചേരികള്‍ എന്നീ രംഗകലകളുടെ നിറവിനോടു തോളോടുതോള്‍ നില്‍ക്കുന്ന വിധത്തിലാവും ഇക്കുറി വാദ്യവിഭാഗങ്ങളെല്ലാം തന്നെ എന്നു സൂചിപ്പിക്കട്ടെ.

 

Advertisement