കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുക്കുടി സേവിയ്ക്കാന്‍ എത്തിയത് ആയിരങ്ങള്‍.

646

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുക്കുടി സേവിയ്ക്കാന്‍ ആയിരകണക്കിന് ഭക്തജനങ്ങളാണ് രാവിലെ മുതല്‍ എത്തിയത്. ത്രിപ്പൂത്തരി നിവേദ്യം കഴിച്ച് ഭഗവാന് ഉദരസംബന്ധമായ അസുഖം ബാധിച്ചെന്നും അസുഖം മാറുന്നതിന് വില്ലമംഗലം സ്വാമിയാര്‍ മുക്കുടി ഔഷധം നല്‍കുകയും ഇതു സേവിച്ച് ഭഗവാന്റെ അസുഖം ഭേദമായെന്നാണ് വിശ്വാസം. കുട്ടന്‍ഞ്ചേരിമൂസ് തൈരും പ്രത്യേക ഔഷധകൂട്ടുകളും ചേര്‍ത്താണ് മുക്കടി ഉണ്ടാക്കുന്നത്. രാവിലെ ഭഗവാന് നിവേദിച്ചതിന് ശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഐതിഹ്യപ്പെരുമ നിറയുന്ന മുക്കുടിനിവേദ്യം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടത്തിവരുന്ന അനുഷ്ഠാനച്ചടങ്ങാണ്.മുക്കുടിക്കുള്ള ഔഷധക്കൂട്ടുകള്‍ പ്രത്യേക അനുപാതത്തില്‍ സമര്‍പ്പിക്കാനുള്ള പരമ്പരാഗത അവകാശം കുമാരനെല്ലൂര്‍ കുട്ടഞ്ചേരി മൂസ്സ് കുടുംബത്തിനാണ്. കുളമണ്‍ മൂസാണ് മുക്കുടി നിവേദ്യം ഉണ്ടാക്കുക.അതീവ രഹസ്യങ്ങളായ ഔഷധക്കൂട്ടുകള്‍ പകുതി അരച്ച് മൂസ്സ് കുടുംബത്തില്‍നിന്ന് തലേന്ന് വൈകീട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിക്കും. പുലര്‍ച്ചെ കൊട്ടിലാക്കലില്‍ അരച്ചെടുത്ത മരുന്ന് തിടപ്പിള്ളിയിലെത്തിച്ച് മോരില്‍ കലര്‍ത്തി മുക്കുടി നിവേദ്യമാക്കി ഭഗവാന് നിവേദിച്ച ശേഷമാണ് ഭക്തര്‍ക്ക് വിതരണം ചെയ്തത്.ദിവ്യ ഔഷധമായ മുക്കുടി സേവിച്ചാല്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം വരുത്തുമെന്ന വിശ്വാസമുള്ളതിനാല്‍ പ്രസാദമായി കിട്ടുന്ന ഈ നിവേദ്യം വാങ്ങാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം ഭക്തര്‍ ക്ഷേത്രത്തിലെത്തിലെത്തിയിരുന്നു.

 

Advertisement