ശ്രീ കൂടല്‍മാണിക്യ ദേവസ്വം ഓഫീസ് കെട്ടിടത്തിന് അപകട ഭീഷണി; ഓഫീസിന്റെ പ്രവര്‍ത്തനം വിശ്രമകേന്ദ്രത്തിലേക്ക് മാറ്റുന്നു; കെട്ടിടം സംരക്ഷിച്ച്,നവീകരിക്കാനും തീരുമാനം….

216

ഇരിങ്ങാലക്കുട: കൊട്ടിലാക്കല്‍ പറമ്പിലുള്ള ദേവസ്വം ഓഫീസ് കെട്ടിടത്തിന് അപകടഭീഷണി. കെട്ടിടത്തിന്റെ ബലഹീനത ബോധ്യമായ സാഹചര്യത്തില്‍ ദേവസ്വം ഓഫീസിന്റെ പ്രവര്‍ത്തനം കൊട്ടിലാക്കല്‍ പറമ്പില്‍തന്നെയുള്ള വിശ്രമകേന്ദ്രത്തിലേക്ക് മാറ്റാന്‍ അടിയന്തിര ഭരണസമിതിയോഗം തീരുമാനിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിനോട് ചേര്‍ന്നുള്ള ബാത്ത്റൂമില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. കുളത്തിനോട് ചേര്‍ന്നുള്ള അഡ്മിനിസ്ട്രേറ്ററുടെ മുറിയുടെ മുകളിലത്തെ തട്ടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കെട്ടിടത്തിന്റെ ദുര്‍ബലാവസ്ഥ ബോധ്യപ്പെട്ട് വരികയായിരുന്നുവെന്ന് അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ പറഞ്ഞു. 200ലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. നവരാത്രി ദിവസങ്ങളില്‍ സരസ്വതി പൂജയും ചടങ്ങുകളും നടക്കുന്ന കെട്ടിടം ക്ഷേത്രം പോലെ പരിശുദ്ധമാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൂത്തമ്പലം സംരക്ഷിച്ചതുപോലെ ദേവസ്വം കെട്ടിടവും സംരക്ഷിക്കാനും നവീകരിക്കാനുമാണ് തീരുമാനമെന്ന് ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, തന്ത്രി പ്രതിനിധി എന്‍.പി.പി നമ്പൂതിരിപ്പാട് എന്നിവര്‍ പറഞ്ഞു. കെട്ടിടത്തിന്റെ അപകടാവസ്ഥ ദേവസ്വം കമ്മീഷണറേയും ബന്ധപ്പെട്ട വകുപ്പുകളേയും അറിയിച്ചിട്ടുണ്ട്. ദേവസ്വത്തിന് വരുമാനമില്ലാത്ത സാഹചര്യത്തില്‍ കെട്ടിടം സംരക്ഷിക്കാനും നവീകരിക്കാനുമുള്ള നടപടികള്‍ക്കായി ഭക്തജനങ്ങളെ സമീപിക്കും. താല്‍ക്കാലികമായി പ്രവര്‍ത്തനം മാറ്റുന്ന വിശ്രമകേന്ദ്രത്തിന് നഗരസഭ ഇതുവരെ നമ്പറിട്ട് നല്‍കിയിട്ടില്ലെന്നും വൈദ്യൂതി കണക്ഷന്‍ ലഭിച്ചീട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, രാജേഷ് തമ്പാന്‍, കെ.എ. പ്രേമരാജന്‍, എ.വി. ഷൈന്‍ തുടങ്ങിയവരും കെ.ജി സുരേഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്ര പ്രധാനമായ കൂടല്‍മാണിക്യം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വിള്ളല്‍ വീണതിനെതുടര്‍ന്ന് അപകടാവസ്ഥയില്‍. ചൊവ്വാഴ്ച കൊട്ടിലാക്കല്‍ പറമ്പിലെത്തന്നെ വിശ്രമകേന്ദ്ര കെട്ടിടത്തിലേക്ക് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് മാറ്റി പ്രവര്‍ത്തിക്കുമെന്ന് അടിയന്തരമായി ചേര്‍ന്ന ദേവസ്വം കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

Advertisement