കൊച്ചുബാവ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും നവംബര്‍ 25 ന്

447

ഇരിങ്ങാലക്കുട: കാലത്തിനു മുമ്പേ സഞ്ചരിച്ച കഥകളുമായി മലയാള സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ടി.വി.കൊച്ചുബാവയെ ജന്മ ഗ്രാമം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ 19-ാം ചരമ വാര്‍ഷിക ദിനമായ 2018 നവംബര്‍ 25 ന് കാട്ടൂരിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ഗ്രാമം കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ കൊച്ചുബാവയുടെ ആത്മസുഹൃത്തും പ്രശസ്ത നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് സമാഹരിച്ച എട്ടു കഥകള്‍ ഉള്‍ക്കൊള്ളുന്ന ‘അത്രമേല്‍ പ്രിയപ്പെട്ട കഥകള്‍ -കൊച്ചുബാവ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും. കാട്ടൂരിന്റെ പ്രിയ എഴുത്തുകാരനും പു.ക.സ ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. നവീന കഥാരംഗത്ത് ശ്രദ്ധേയനും പ്രമുഖ വാര്‍ത്താ അവതാരകനുമായ പ്രമോദ് രാമനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ബാവയുടെ മകന്‍ നബീല്‍ കൊച്ചുബാവയ്ക്ക് കോപ്പി നല്‍കി പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. ബാലചന്ദ്രന്‍ വടക്കേടത്ത് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കഥാമത്സരത്തിലെ ജേതാക്കള്‍ക്ക് അശോകന്‍ ചെരുവില്‍ സമ്മാനം നല്‍കും. ഞായറാഴ്ച വൈകീട്ട് 3.30 ന് കാട്ടൂര്‍ പൊഞ്ഞനം ക്ഷേത്ര മൈതാനിയിലാണ് സമ്മേളനം നടക്കുക. ഗ്രാമം പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സെക്രട്ടറി ശിഹാബ് ഖാദര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സലിം കടവില്‍ നന്ദിയും പറയും. വീക്ഷണം റസിഡന്റ് എന്‍.ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ സി.കെ.ഹസ്സന്‍കോയ എന്നിവര്‍ സംസാരിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement