പ്രേക്ഷകരുടെ മനം കവര്‍ന്ന് കാന്തന്‍; ബിലാത്തിക്കുഴല്‍ സമാപന ചിത്രം

332

ഇരിങ്ങാലക്കുട: ആദിവാസി മനുഷ്യരുടെ ജീവിതവും അതിജീവനവും ആദിവാസി മനുഷ്യരും പ്രക്യതിയും തമ്മിലുള്ള ബന്ധവും സത്യസന്ധമായി ആവിഷ്‌ക്കരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് 2018 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാന്തന്‍ ദി ലവര്‍ ഓഫ് കളേഴ്സിന്റെ സംവിധായകന്‍ ഷെറീഫ് ഈസ. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൂടിയാണ് ചിത്രം പറയുന്നത്. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി മാസ് മൂവിസില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചശേഷം പ്രേക്ഷകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് തന്റെ ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഷെറീഫ് സംസാരിച്ചത്. വയനാട്, തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയര്‍ വിഭാഗത്തിന്റെ ഭാഷയും ആചാരാനുഷ്ഠാനങ്ങളും ആവിഷ്‌ക്കരിക്കാനുള്ള ശ്രമം കൂടിയാണ് സിനിമ നടത്തുന്നത്. സാമൂഹ്യപ്രവര്‍ത്തക ദയാഭായിയും കാന്തനായി വേഷമിട്ട മാസ്റ്റര്‍ പ്രജിത്തിനേയും മാറ്റി നിര്‍ത്തിയാല്‍ ആദിവാസികള്‍ തന്നെയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചമയങ്ങളൊന്നുമില്ലാതെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പരിപാടിയില്‍ ഫിലിം സൊസൈറ്റിയുടെ ഉപഹാരം രക്ഷാധികാരി പി.കെ. ഭരതന്‍ സംവിധായകന് സമ്മാനിച്ചു. മേളയുടെ അവസാനദിവസമായ തിങ്കളാഴ്ച രാവിലെ 10ന് മറാത്തി ചിത്രമായ ആംഹി ദോഗിയും 12ന് മലയാള ചിത്രമായ ബിലാത്തിക്കുഴലും പ്രദര്‍ശിപ്പിക്കും. തോക്ക് സ്വന്തമാക്കാന്‍ ഒരാള്‍ രണ്ട് കാലങ്ങളിലായി നടത്തുന്ന ശ്രമങ്ങളാണ് വിനു കോളിച്ചാല്‍ സംവിധാനം ചെയ്ത ഏറെ ശ്രദ്ധ നേടിയ ബിലാത്തി കുഴല്‍ പറയുന്നത്.

Advertisement