ഇരിങ്ങാലക്കുട : പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഇരിങ്ങാലക്കുടയുടെ ചരിത്രത്തെ പുസ്തകതാളുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള സാഹസികമായ ശ്രമത്തിന്റെ ഫലമായി രൂപപ്പെട്ട ഇരിങ്ങാലക്കുട മാന്വല്‍ മെയ് 18ന് പ്രകാശനം ചെയ്യുന്നു.1887 ല്‍ രചിച്ച വില്യം ലോഗന്റെ മലബാര്‍ മാന്വലിന്റെ ചരിത്ര പ്രാധാന്യവും രാഷ്ട്രീയ ധര്‍മ്മവും വിലയിരുത്തിയാണ് ഇരിങ്ങാലക്കുടയുടെ മാന്വല്‍ തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യധാര ചരിത്രത്തില്‍ ഒരിക്കലും രേഖപെടുത്താത്ത മനുഷ്യജീവിതങ്ങളെ ഇരുട്ടിലേയ്ക്ക് മറഞ്ഞ് കൊണ്ടിരിക്കുന്ന പച്ച മനുഷ്യരുടെ ജീവിത ഗന്ധിയായ കലകളെ ഈ മാന്വല്‍ രേഖപെടുത്തുന്നുവെന്ന് നിശാഗന്ധി മാന്വല്‍ ചെയര്‍മാന്‍ അഡ്വ. എം എസ് അനില്‍കുമാര്‍, എഡിറ്റര്‍ ജോജി ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1376 പേജില്‍ പൂര്‍ണ്ണമായും മള്‍ട്ടികളര്‍ പ്രിന്റിങ്ങില്‍ കാലിക്കോ ബൈന്റിങ്ങോടുകൂടി 300 വര്‍ഷം വരെ ഈടുനില്‍ക്കുന്ന രീതിയിലാണ് മാന്വല്‍ തയാറാക്കപ്പെട്ടിട്ടുള്ളത്. മെയ് 17 ന് രാവിലെ 10 ന് ടൗണ്‍ ഹാളില്‍ ഇരിങ്ങാലക്കുടയുടെ ചരിത്രവുമായി ബന്ധപ്പെട്ട്‌നിശാഗന്ധി മാന്വല്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. സിനിമ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ചരിത്ര ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 ന് നടക്കുന്ന സമാദരണസമ്മേളനം മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ വി. മുസഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. മെയ് 18 വെള്ളിയാഴ്ച വൈകീട്ട് 5 ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഇരിങ്ങാലക്കുട എം പി ഇന്നസെന്റിന് നല്‍കി മാന്വല്‍ പ്രകാശനം ചെയ്യും. നിശാഗന്ധി മാന്വല്‍ ചെയര്‍മാന്‍ അഡ്വ. എം എസ് അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.സ്വാമി സന്ദീപാന്ദഗിരി,ബാലചന്ദ്രന്‍ വടക്കേടത്ത്,കെ യു അരുണന്‍ എം എല്‍ എ,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു തുടങ്ങി സാംസ്‌ക്കാരിക രംഗത്തേ നിരവധി പൗരപ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here