ഉയിര്‍പ്പ് തിരുനാളിന്റെ ഹൃദ്യമായ മംഗളങ്ങള്‍ ഏറ്റവും സ്നേഹത്തോടെ ഏവര്‍ക്കും നേരുന്നു. ഉത്ഥിതനായ ക്രിസ്തു പ്രദാനം ചെയ്യുന്ന സമാധാനവും സന്തോഷവും എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. മഹാന്മാരുടെ കൊട്ടിയടയ്ക്കപ്പെട്ട നിത്യസ്മാരകങ്ങളായ കല്ലറകള്‍ പോലെയല്ല ക്രിസ്തുവിന്റെ ശവകുടീരം. അത് ഇന്നും ശൂന്യമായി തുറന്നുതന്നെ കിടക്കുന്നുണ്ട് എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. ക്രിസ്തുവിന്റെ ഉത്ഥാനം മനുഷ്യബുദ്ധിക്ക് അജ്ഞാതമായ രഹസ്യമാണ്. നന്മയ്ക്കാണ് അന്തിമ വിജയം എന്ന വസ്തുത ഉറപ്പിക്കുന്നതാണ് ഉത്ഥാന തിരുനാള്‍. തിന്മയുടെമേല്‍ നന്മ നേടിയ വിജയം, പൈശാചിക ശക്തികളുടെമേല്‍ ദൈവിക ശക്തിയുടെ വിജയം, അധാര്‍മികതയുടെമേല്‍ ധാര്‍മികത നേടിയ വിജയം ഇതിന്റെയൊക്കെ ഓര്‍മപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉത്ഥാനം. തിന്മ വിജയിച്ചുവെന്നും നന്മയ്ക്കു വിലയില്ലയെന്നും എല്ലാം അവസാനിച്ചുവെന്നുമുള്ള ചിന്ത പ്രബലപ്പെടുന്ന ഇക്കാലത്ത് നന്മയുടെ വിജയം ആഘോഷിക്കുന്ന തിരുനാളാണ് ഈസ്റ്റര്‍. നമ്മെ ഉന്മൂലനം ചെയ്യുവാന്‍ ശ്രമിക്കുന്ന തിന്മയുടെ ശക്തികളുടെ കരുത്ത് കണ്ട് തകരരുത്, തളരരുത്. ഉത്ഥിതനായ ക്രിസ്തുവില്‍ ആശ്രയിച്ച് പ്രതീക്ഷയോടെ മുന്നേറുക. ഈസ്റ്റര്‍ പ്രതീക്ഷയുടെ തിരുനാളാണ്. മനുഷ്യരുടെ വ്യക്തിപരമായ സഹനങ്ങളിലും രോഗങ്ങളിലും പ്രതിസന്ധികളിലും നിരാശയുണര്‍ത്തിക്കുന്ന പ്രശ്നങ്ങളിലും വഞ്ചനാത്മകമായ പ്രവര്‍ത്തനങ്ങളിലും സമാധാനവും സന്തോഷവും നല്‍കുവാന്‍ ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ടാകും തീര്‍ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here