ഇരിങ്ങാലക്കുട : എല്ലാവര്‍ക്കും നല്ല വസ്ത്രം എന്ന ലക്ഷ്യത്തോടെ അന്നം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട നഗരത്തില്‍ ‘വസ്ത്രപ്പെട്ടി’കള്‍ സ്ഥാപിക്കുന്നു. ഒരു നല്ല വസ്ത്രം പോലും ആര്‍ഭാടവും സ്വപ്നവുമായി കരുതുന്നവര്‍ക്ക് അരികിലേക്കാണ് നന്മയുടെ ഈ കാരുണ്യപ്പെട്ടി എത്തുന്നത്. പുതിയതും ഉപയോഗിച്ചതുമായ വൃത്തിയുള്ള വസ്ത്രങ്ങള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

പദ്ധതിയുടെ ആദ്യഘട്ടമായി ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ ഹാളിന് സമീപത്തുള്ള ലാന്‍ഡ്‌ഫോര്‍ട്ടി ഫൈവിന് മുന്‍വശത്ത് സ്ഥാപിച്ച ജില്ലയിലെ ആദ്യ വസ്ത്രപ്പെട്ടിയുടെ ഉദ്ഘാടനം അന്നം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സന്ദീപ് പോത്താനി നിര്‍വ്വഹിച്ചു.

ജനമൈത്രി പോലീസ്, ഫ്രണ്ട്‌സ് ഫോറെവര്‍ കൂട്ടായ്മ എന്നീ സംഘടനകള്‍ക്കൊപ്പം ലാന്‍ഡ്-45 ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം കൂടി സഹകരിച്ചാണ് ക്ലോത്ത് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് നല്ല സഹകരണം ലഭിച്ചാല്‍, ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം വസ്ത്രപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അന്നം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍.

ഷഫീക്ക് കൂട്ടുങ്ങപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീജിത്ത് വട്ടപ്പറമ്പില്‍, ബിബിന്‍ തെപ്പുറത്ത്, സജീഷ് കിഴക്കേവളപ്പില്‍, ഷാല്‍ബിന്‍ റഷീദ് , മിഥുന്‍ തയ്യില്‍, വൈശാഖ് പോട്ടയില്‍ അഖില്‍ അശോക്, ബിജു ചേര്‍പ്പൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here