ഇരിങ്ങാലക്കുട – പാലക്കാട് ബസ് സര്‍വ്വീസ് പുനരാരംഭിക്കണം-ഉപഭോക്തൃ സമിതി

ഇരിങ്ങാലക്കുട : കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരിങ്ങാലക്കുടയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് രാവിലെ 5.50 ന് സര്‍വ്വീസ് നടത്തിയിരുന്ന കെ .എസ് .ആര്‍ .ടി. സി ബസ്സ് തിങ്കളാഴ്ച്ച മുതല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.

വരുമാനം കുറവായതു കൊണ്ടാണ് ഈ ബസ് വേറെ റൂട്ടിലേയ്ക്കു മാറ്റിയത് എന്നാണ് ബന്ധപ്പെട്ടവരുടെ തൊടുന്യായം. സാധാരണ ദിവസങ്ങളില്‍ 5500 മുതല്‍ 6000 രൂപ വരെ കളക്ഷന്‍ ഉണ്ടായിരുന്ന ഈ ബസ്സിന് 8000 മുതല്‍ 9000 വരെ കളക്ഷന്‍ കിട്ടിയിട്ടുള്ള ദിവസങ്ങളും വിരളമല്ല.

 

നല്ല കളക്ഷന്‍ ലഭിച്ചിരുന്ന തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലെ 12 ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും പിന്‍വലിച്ചത് സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന യാത്രക്കാരുടെ വാദത്തെ ന്യായീകരിക്കുന്നതാണ് കോര്‍പ്പറേഷന്റെ ഈ പുതിയ നീക്കം. കോര്‍പ്പറേഷനിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നാട്ടിലൂടെ ബസ് ഓടിക്കാന്‍ വേണ്ടിയാണ് ഈ റൂട്ടു മാറ്റം നടത്തിയതെന്ന് മറ്റൊരു പരാതിയും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

 

ഇരിങ്ങാലക്കുട ഭാഗത്തു നിന്ന് പാലക്കാട്, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള നിരവധി യാത്രക്കാര്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്ന ഈ സര്‍വ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പു മന്ത്രിക്കും, കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്കും നിവേദനം നല്‍കുമെന്ന് ഉപഭോക്തൃ സമിതി സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി അറിയിച്ചു. ഇടയ്ക്കിടെ ഓരോരോ സര്‍വ്വീസുകളായി റദ്ദാക്കി ഇരിങ്ങാലക്കുട ഡെപ്പോ അടച്ചു പൂട്ടിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here