ഇരിങ്ങാലക്കുട : ചരിത്രരചനകളുടെ രീതികള്‍ മാറേണ്ടതുണ്ടെന്നും അതില്‍ ടെക്നോളജിയുടെയും സയന്‍സിന്റെയും പങ്കു വലുതാണെന്നും മനു എസ്. പിള്ള അഭിപ്രായപ്പെട്ടു. മൂന്നു നാല് യുദ്ധങ്ങളും പേരിനൊരു ഗാന്ധിയും ചേര്‍ത്താല്‍ ചരിത്രമാകില്ല. ടെക്സ്റ്റ് ബുക്കുകളില്‍ ചരിത്രത്തിനു രാഷ്ട്രീയനിറം കലരുന്നത് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എല്ലാവരും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ ബി വോക് മലയാളവിഭാഗം നടത്തിയ അന്തര്‍ദ്ദേശീയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പ്യൂട്ടര്‍ കോഴ്‌സ് ഇപ്പോഴും ഹിസ്റ്ററിയുടെ സിലബസിന്റെ പോലും ഭാഗമല്ലെന്നുള്ളത് ഉന്നതവിദ്യാഭ്യാസത്തിന്റെ മരവിപ്പിന്റെ തെളിവാണെന്ന് ഡോ. സലില്‍ എസും അഭിപ്രായപ്പെട്ടു. സിലബസിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ പാനിപ്പത്ത് യുദ്ധങ്ങളും മുഗള്‍ സാമ്രാജ്യവും മാത്രമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും ഭാഗമാകേണ്ടതുണ്ട്. എങ്കിലേ ചരിത്രപഠനത്തിനു പ്രസക്തിയുള്ളൂ എന്ന് ഇരുവരും നിരീക്ഷിച്ചു. 9 വയസ്സില്‍ എഴുതിത്തുടങ്ങി, 6 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഐവറി ത്രോണ്‍ എന്ന ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവാണ് മനു എസ് പിള്ള. തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിഗൂഢമായ ചരിത്രം പറഞ്ഞുകൊണ്ട് മനു ചരിത്രത്തിന് ശാസ്ത്രീയതയുടെ ആധികാരികത നല്‍കുന്നു. ഊഹാപോഹങ്ങളുടെ പുകമറയ്ക്കുള്ളില്‍ നിന്നും ചരിത്രത്തെ മോചിപ്പിച്ചെടുക്കുന്നു. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സെന്റ് ജോസഫ്സ് കോളേജിലെ ബിവോക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്മെന്റ് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. പുതുചിന്തകളുടെ വസന്തത്തില്‍ മനുവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടത്, കോളമിസ്റ്റും യുജിസി എഡ്യുക്കേഷന്‍ ഓഫീസറുമായ ഡോ. എസ്. സലില്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here