സമകാലികം
മാതൃഭാഷ ബഹുമാനിക്കപ്പെടണം

അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം ഉപരിപഠനവും തൊഴില്‍ ലഭ്യതയും പരിമിതപ്പെടുത്തുമെന്നചിന്തയും രക്ഷിതാക്കളെ അലട്ടുന്നുണ്ട്‌. വിദേശത്തോ മറുനാട്ടിലോ എന്ത്‌ അടിമപണിയായാലും അതില്‍ അഭിമാനിക്കുന്ന മലയാളിക്ക്‌ അവനവന്റെ മണ്ണിന്റെ മണം ചതുര്‍ത്ഥിയായിമാറിയിരിക്കുന്നു.
അഭിമാനത്തോടെയല്ല അപകര്‍ഷതാബോധത്തോടെയാണ്‌ മലയാള പഠനത്തെ ഉന്നത വിദ്യാഭ്യാസത്തില്‍ കണ്ടു പോരുന്നത്‌ . സ്‌കൂള്‍ ഭാഷാ പഠനത്തിന്‌ ഏറെ പരിഷ്‌ക്കാരങ്ങള്‍ വരുത്തി . അക്ഷരാഭ്യാസത്തില്‍ നിന്ന്‌ ആശയഗ്രഹണത്തിലേക്ക്‌ എന്ന പഴയ രീതി പാടെ ഉപേക്ഷിച്ച്‌ ആശയ ഗ്രഹണത്തില്‍ നിന്ന്‌ അക്ഷരാഭ്യാസത്തിലേക്ക്‌ എന്ന വിപരീതദിശയിലാണ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെ പോക്ക്‌ . അതുമൂലം കുട്ടികള്‍ക്ക്‌ അക്ഷരത്തെറ്റുകള്‍ ഏറിവരുന്നു. പഴയരീതിയില്‍ അക്ഷരമാല പഠിച്ചകുട്ടികളില്‍ ഇത്ര അക്ഷരത്തെറ്റുകള്‍ കാണാനില്ല . പണ്ട്‌ മലയാളം അക്ഷരമാല എഴുതിച്ചൊല്ലിയാണ്‌ പഠിച്ചു വന്നിരുന്നത്‌ . അരിയിലും മണലിലും ഉരുട്ടിയെഴുതിയാണ്‌ പണ്ട്‌ അക്ഷരാഭ്യാസം ആശാന്‍മാര്‍ നടത്തിയിരുന്നത്‌ . മലയാളത്തിന്റെ ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും ഇണങ്ങും വിധമുള്ളതായിരുന്നു മലയാള പഠനം . ആധുനിക മലയാളത്തില്‍ കേട്ടെഴുത്ത്‌ , പകര്‍ത്തിയെഴുത്ത്‌ തുടങ്ങിയ ശീലങ്ങള്‍ ഇന്നില്ല . ഇന്നത്തെ മലയാളിക്കുട്ടികള്‍ക്ക്‌ വള്ളത്തോളിന്റെ വരികളോ ആശാന്റെ വരികളോ ഉദ്ധരിക്കാന്‍ കഴിയുമോ എന്നത്‌ സംശയമാണ്‌.
നമ്മുടെ പ്രൊഫഷണല്‍ കോഴ്‌സുകളിലും ഭാഷാപഠനം നടത്തേണ്ടതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ട്‌. മലയാളം മീഡിയത്തിലോ ഇംഗ്ലീഷ്‌ മീഡിയത്തിലോ പഠിച്ചു എന്നതില്ല ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയണം . മലയാളം അറിയുന്നത്‌ കുറച്ചിലെന്ന മലയാളിയുടെ മിഥ്യാബോധംമൂലമാണ്‌ നമ്മുടെ ഭാഷ അവഗണിക്കപ്പെടുന്നത്‌.
സര്‍ക്കാരിന്റെയും സാംസ്‌കാരികപ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മലയാളത്തിന്‌ ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചിരിക്കുന്ന വാര്‍ത്ത ഓരോ മലയാളിക്കും അഭിമാനിക്കാം. സര്‍ക്കാര്‍ ജോലിക്ക്‌ മലയാളഭാഷാജ്ഞാനം വേണം വേണ്ട എന്നീ ഉത്തരവുകള്‍ മാറി മാറിവരുന്നസാഹചര്യത്തില്‍ മലയാളത്തിന്റെ ശ്രേഷ്‌ഠതയെകാറ്റില്‍ പറത്തുകയാണ്‌ എന്ന്‌ നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. ഔദ്യോഗിക ഭാഷ മലയാളമായിരിക്കുമ്പോള്‍ മലയാളം അക്ഷരവടിവോടും വൃത്തിയായും എഴുതാനറിയാത്ത ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ പാരമ്പര്യത്തിനുതന്നെ മോശമാണ്‌. പല വാക്കുകളുടെയും അര്‍ത്ഥം പോലും അറിയാത്തവരും വാക്കുകള്‍എഴുതാന്‍പോലും അറിയാത്ത ഉന്നതഉദ്യോഗസ്ഥര്‍ ഇന്നുണ്ട്‌. മറ്റുഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാമെങ്കിലും മാതൃഭാഷയിലുളള അജ്ഞത ഒരു പോരായ്‌മതന്നെയാണ്‌ . നാം തന്നെനമ്മുടെ ഭാഷയുടെ മഹാത്മ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.


                                                                                 
പീന എ പൂവ്വത്തിങ്കല്‍

View Comments