ടെക്‌നോളജി
ആന്‍ഡ്രോയിഡ് വണ്‍- ഏറ്റവും മികച്ച ബഡ്ജെറ്റ് ആന്‍ഡ്രോയിഡ് ഫോണ്‍

സ്മാര്‍ട്ട്‌ ഫോണ്‍ വിപണിക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് ഏതാണ് എന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേ ഉള്ളൂ, അതാണ്‌ ഇന്ത്യ . അതുകൊണ്ട് തന്നെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ അവതരിപ്പിക്കാന്‍ ആദ്യം ഇന്ത്യ തന്നെ തിരഞ്ഞെടുത്തത് എന്ന് തോന്നുന്നു. സാംസന്ഗ് ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ എത്തുന്നത്.

കുറഞ്ഞ വിലയില്‍ നല്ല നിലവാരമുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ ആണ് ആന്‍ഡ്രോയിഡ് വണ്‍ എന്ന സീരിസില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. അതിനായി ഗൂഗിള്‍ കൂട്ടുപിടിച്ചത് ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ആയ മൈക്രോ മാക്സ് , സ്പൈസ് , കാര്‍ബണ്‍ എന്നിവയെ ആണ്. ഫോണുകള്‍ ഒക്ടോബര്‍ മുതല്‍ മാത്രമേ ഷോപ്പുകളില്‍ ലഭ്യമാകുകയുള്ളൂ, എന്നാല്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകളില്‍ ഫോണുകള്‍ വാങ്ങാവുന്നതാണ്.

മൈക്രോ മാക്സ് കാന്‍വാസ് എ 1 , സ്പൈസ് ഡ്രീം യുനോ, കാര്‍ബണ്‍ സ്പര്‍ക്കിള്‍ വി എന്നിവയാണ് ആന്‍ഡ്രോയിഡ് വണ്‍ സീരിസില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ഫോണുകള്‍. എല്ലാം തന്നെ ഒരേ സ്പെസിഫിക്കേഷന്‍ ഉള്ളതും ഒരേ വിലയിലും ആണ് അവതരിപ്പിച്ചിരിക്കുന്നത്. 6399 രൂപയാണ് ഇവയുടെ വില. സ്പെസിഫിക്കേഷന്‍ താഴെ കൊടുക്കുന്നു.

ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് 4.4 ആണ് ഓ എസ്. മാത്രമല്ല നെക്സസ് ഫോണുകളെ അനുസ്മരിപ്പിച്ചു കൊണ്ട് പുതിയ ഓ എസ് ഇറങ്ങുമ്പോള്‍ തന്നെ അത് ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളിലും ലഭ്യമാകും. മാത്രമല്ല ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ക്ക് എയര്‍ടെല്‍ പുതിയ ഡാറ്റ പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

480*854 പിക്സല്‍ റെസലൂഷന്‍ ഉള്ള 4.5 ഇഞ്ച്‌ ഐ പി എസ് ഡിസ്പ്ലേ , 1.3 ജിഗാ ഹെര്‍ട്സ് മീഡിയ ടെക് പ്രോസസ്സര്‍, 1 GB റാം, 4 GB ഇന്റെര്‍ണല്‍ സ്റൊരെജ്, മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച് അത് 32 GB വരെ ഉയര്‍ത്താനും സാധിക്കും.

എല്‍ ഇ ഡി ഫ്ലാഷ് ഉള്ള മെയിന്‍ ക്യാമറ 5 മെഗാ പിക്സല്‍ ആണ്, മാത്രമല്ല വീഡിയോ കാള്‍ ചെയ്യുന്നതിനായി 2 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്. ജി പി എസ് , വൈ ഫൈ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ എല്ലാം തന്നെ ഉണ്ട്. ഇവയെല്ലാം തന്നെ 3G ഡ്യുവല്‍ സിം ഫോണുകള്‍ ആണ്. 1700 mAh ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച ഡിസൈന്‍ ആരുടേയും മനം കവരുന്നതാണ്.

മാത്രമല്ല സുരക്ഷയുടെ കാര്യത്തില്‍ ഒരു പടി കൂടി കടന്നിരിക്കുന്നു. ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ വഴി ഡാറ്റ എല്ലാം തന്നെ ഡിലീറ്റ് ചെയ്യാനുള്ള അവസരവും ഉണ്ട്.

ഗൂഗിള്‍ നിലവാരം ഉറപ്പു വരുത്തുന്നത് കൊണ്ട് പേടിക്കുകയും വേണ്ട. ചുരുക്കി പറയുകയാണെങ്കില്‍ ഈ വിലയില്‍ ലഭ്യം ആകുന്ന ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ ആണ് ഇവ.

ഫോണുകള്‍ കാണാം

http://www.android.com/one/india/  

 

സനു.ഇ.ജി

View Comments

സ്‌മാര്‍ട്ട്‌ഫോണ്‍ അപ്‌ഡേറ്റ്‌ അറിയാന്‍ ഇനി സ്‌മാര്‍ട്ടി റിംഗും
ഇന്‍കമിംഗ്‌ & ഔട്ട്‌ ഗോയിംഗ്‌ കോള്‍ നോട്ടിഫിക്കേഷന്‍സ്‌, ടെക്‌സ്റ്റ്‌, ഇ-മെയില്‍ മെസ്സേജസ്‌ അലേര്‍ട്ടുകള്‍, ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍, ഹാങ്ങൗട്ട്‌, സ്‌കൈപ്പ്‌ എന്നിവയില്‍ നിന്നുള്ള റിയല്‍ ടൈം അപ്‌ഡേറ്റുകള്‍ തുടങ്ങിയവയെല്ലാം ഇനി വിരലില്‍ അറിയാം. ബ്ലൂടൂത്ത്‌ എനേബിള്‍ഡ്‌ വെയറബിള്‍ ഗാഡ്‌ജറ്റുകളുടെ ഗണത്തിലേയ്‌ക്കെത്തുന്ന സ്‌മാര്‍ട്ടിറിംഗ്‌ ആണ്‌ ഈ പുതിയ സഹായി. ഫോണില്‍ കോളുകള്‍ സ്വീകരിക്കുക അല്ലെങ്കില്‍ നിരാകരിക്കുക. ക്യാമറ ട്രിഗര്‍, മ്യൂസിക്ക്‌ കണ്‍ട്രോള്‍, ചെയ്‌ഞ്ച്‌ പ്രൊഫൈല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഫോണിന്റെ റിമോര്‍ട്ട്‌കണ്‍ട്രോളറായി ഇതിനെ പ്രയോജനപ്പെടുത്താം.
സൂപ്പര്‍ബോക്‌്‌സ്‌ ഓള്‍ ഇന്‍ വണ്‍ ഡിവൈസ്‌
ഡിജിറ്റല്‍, പോര്‍ട്ടബിള്‍ ഉത്‌പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ പോര്‍ട്ട്രോണിക്‌സ്‌ അവതരിപ്പിച്ചിരിക്കുന്ന സൂപ്പര്‍ ബോക്‌സ്‌ സ്‌പീക്കര്‍, mp3 പ്ലെയര്‍, ഓഡിയോ റെക്കോഡര്‍, പവര്‍ ബാങ്ക്‌ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളുള്ള മള്‍ട്ടിപര്‍പ്പസ്‌ ഡിവൈസാണ്‌. 8GB കര്‍ഡും സ്റ്റീരിയോ ഇയര്‍ ഫോണുകളുമാണിതെത്തുന്നത്‌. മൈക്രോ SD കാര്‍ഡ്‌ പിന്തുണയുള്ള ഡിവൈസ്‌ ശക്തിവത്തായൊരു സ്‌പീക്കറാണ്‌. ഡേറ്റകള്‍ കംപ്യൂട്ടറിലേയ്‌ക്ക്‌ കൈമാറുന്നതിന്‌ USB പിന്തുണയുമുണ്ട്‌. ഡിജിറ്റല്‍- വോയ്‌സ്‌ റെക്കോഡറായി പ്രവര്‍ത്തിക്കാന്‍ ബില്‍റ്റ്‌-ഇന്‍ സ്റ്റീരിയോ മൈക്രോഫോണ്‍ ഉണ്ടെന്നതിനാല്‍ എക്‌സ്‌റ്റേണല്‍ മൈക്രോഫോണിന്റെ ആവശ്യം വരുന്നില്ല.
ലാപ്‌ടോപ്പ്‌ ചാര്‍ജ്ജിംഗിനായി പെഡല്‍ ചാര്‍ജ്ജ്‌
ലാപ്‌ടോപ്പുകള്‍ പോലുള്ള ഡിവൈസുകള്‍ ചാര്‍ജ്ജ്‌ ചെയ്യുന്നതിനായി US സ്ഥാപനമായ പെഡല്‍ പവര്‍ അവതരിപ്പിക്കുന്ന അതിനൂതന ഉപാധികളാണ്‌ ബിഗ്‌റിഗ്‌ (Big Rig), പെഡല്‍ ഗെന്നി (Pedal Genny) എന്നീ സൈക്ലിംഗ്‌ ജനറേറ്ററുകള്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള പെഡല്‍ ഗെന്നിയില്‍ വര്‍ക്കസ്‌പെയ്‌സ്‌ ഉണ്ടായിരിക്കില്ലെങ്കിലും സീറ്റ്‌ ഘടിപ്പിക്കുന്നതിനായുള്ള സൗകര്യമുണ്ട്‌. പെഡല്‍ ചവിട്ടുന്നതിനനുസരണമായിട്ടായിരിക്കും വൈദ്യൂതി ഉത്‌പ്പാദിപ്പിക്കപ്പെടുക. വര്‍ക്ക്‌സ്‌പെയ്‌സും, എര്‍ഗണോമിക്‌സീറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള ബിഗ്‌ റിഗ്‌ ഉപയോക്താക്കള്‍ക്ക്‌ അനുയോജ്യമാം വിധം ക്രമീകരിക്കാവുന്നതാണ്‌. സാമാന്യം ആരോഗ്യമുള്ളവര്‍ക്ക്‌ 100 വാട്ട്‌സ്‌ വൈദ്യൂതി ഉത്‌പ്പാദിപ്പികാനാകുമെന്നാണ്‌ പറയപ്പെടുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണ്‍, ലാപ്‌ടോപ്പ്‌ ചാര്‍ജ്ജിംഗ്‌ കൂടാതെ ഫുഡ്‌ പ്രോസസ്സിംഗ്‌, വാട്ടര്‍ പമ്പിംഗ്‌ പ്രവര്‍ത്തനങ്ങള്‍ക്കും ഈ വൈദ്യുതോല്‍പ്പാദന രീതി പ്രയോജനപ്പെടുത്താം.
സെല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സണ്‍ഗ്ലാസ്‌
സണ്‍ഗ്ലാസുകള്‍ക്കിനി പുതിയൊരു ജോലികൂടി. സണ്‍ഗ്ലാസിലേയ്‌ക്ക്‌ സോളാര്‍ പാനല്‍ ചേര്‍ക്കുക വഴി ഇവയെ സ്‌മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിംഗ്‌ ഡിവൈസായിമാറ്റിയിരിക്കുകയാണ്‌ ഇന്ത്യന്‍ ഡിസൈനറായ സയാലി കലുസ്‌കര്‍. ഫ്രെയിമിന്റെ വശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ പകല്‍ വേളകളില്‍ സൂര്യപ്രകാശത്തില്‍ നിന്ന്‌ സൗരോര്‍ജ്ജം സംഭരിയ്‌ക്കുകയും അത്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സഹായകമാകുകയുമാണ്‌ ചെയ്യുന്നത്‌. വേര്‍പ്പടുത്താവുന്ന രീതിയിലുള്ള ഈ ഭാഗം മൈക്രോ USB ചാര്‍ജ്ജിംഗ്‌ പോര്‍ട്ട്‌ അല്ലെങ്കില്‍ ലൈറ്റിംഗ്‌ കണക്‌റ്ററുകളിലൂടെ സ്‌മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കുമ്പോള്‍ ഇതില്‍ സംഭരിച്ചിരിക്കുന്ന സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി പരിവര്‍ത്തനപ്പെടുത്തി ഫോണിമാവശ്യമായ ചാര്‍ജ്ജ്‌ നല്‍കുന്നു.